Idukki local

അനധികൃത പാര്‍ക്കിങും നടപ്പാത കൈയേറ്റവും ഒഴിപ്പിക്കും



തൊടുപുഴ: തൊടുപുഴ നഗരത്തിലെ അനധികൃത പാര്‍ക്കിങും നടപ്പാത കൈയേറ്റവും പൂര്‍ണമായും ഒഴിവാക്കി നിലവിലുള്ള ഗതാഗത പരിഷ്‌കരണം തുടരാന്‍ ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി യോഗത്തില്‍ ധാരണ. മുന്‍ ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി തീരുമാനങ്ങള്‍ പലതും പാലിക്കുന്നില്ലെന്ന വിമര്‍ശനവും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം നഗരത്തിലെ ഓട്ടോറിക്ഷാ സ്റ്റാന്റുകളുടെ പുന.ക്രമീകരണത്തിനായി പ്രത്യേക യോഗം ചേരാനും തീരുമാനമായി.  കഴിഞ്ഞ തവണ ചേര്‍ന്ന ഉപദേശക സമിതി  എടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.  തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ഷട്ടില്‍ ബസുകള്‍ മൂവാറ്റുപുഴയില്‍ നിന്നും ആനക്കൂട് കവല വഴി പ്രസ് ക്ലബിന് മുന്നിലൂടെ പുളിമൂട് ജങ്ഷനിലെത്തി  കാഞ്ഞിരമറ്റം ബൈപാസ്‌വഴി വഴി വിമലാലയം സ്‌കൂളിന് മുന്നിലുടെ മങ്ങാട്ടുകവല സ്റ്റാന്റിലെത്തണം. ഇവിടെ നിന്നും തിരികെ വിമലാലയം റോഡു വഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ്് സ്റ്റാന്‍ഡിലുമെത്തണം. മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് നാലുവരി പ്പാതയിലൂടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെത്തണം. ഇവിടെനിന്ന് സ്വകാര്യബസുകള്‍ വിമലാലയം റോഡ് വഴി മൂപ്പില്‍ കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തണം. കെഎസ്ആര്‍ടിസി ബസുകള്‍ മങ്ങാട്ടുകവലയില്‍നിന്ന് വിമലാലയം റോഡു വഴി കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷന്‍ കടന്ന ഇപ്പോഴത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഇവയെല്ലാമായിരുന്നു തീരുമാനം.  ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും രണ്ടു നിയമം പാടില്ലെന്നും തീരുമാനം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നുമായിരുന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്. പുതിയ പരിഷ്‌കാരത്തിനെതിരെ യാത്രക്കാര്‍ പരാതിയുമായി എത്തുന്നതു പതിവാണെന്ന് കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ചെത്തിയവര്‍ പറഞ്ഞു. വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഇരുവിഭാഗത്തിന്റെയും യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും തീയതി  നിശ്ചയിച്ചിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാകുന്ന രീതിയിലും ഗതാഗത ക്കുരുക്ക് സൃഷ്ടിക്കുന്ന രീതിയിലും അനധികൃതമായി പാര്‍ക്കിങ്ങും നടപ്പാത കൈയേറ്റവും വ്യാപകമായതായി പരാതിയുണ്ടായ സാഹചര്യത്തിലാണ് കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഗതാഗത ഉപദേശക സമിതി തീരുമാനിച്ചത്. നടപ്പാത കൈയേറുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഫുട്പാത്ത് കൈയേറിയുള്ള വ്യാപാരവും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് മുന്നിലുള്ള അനധികൃതമായ ഉന്തുവണ്ടി ക്കച്ചവടവും നിരോധിക്കും. അതേസമയം വഴിയോര കച്ചവടക്കാരുടെ പ്രശ്‌നങ്ങളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്റ്റാന്‍ഡുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുണ്ടാക്കിയിട്ടുള്ള ആശങ്കകളും ദുരീകരിക്കാന്‍ നടപടി വേണമെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ എം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. നഗരത്തിലെ ഓട്ടോറിക്ഷ സ്റ്റാന്റുകളുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ജോയിന്റ് ആര്‍ടിഒ, ട്രാഫിക് പോലിസ്, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ജൂലൈ അഞ്ചിന് പകല്‍ 11 ന് ചേരാനാണ് തീരുമാനമായത്. മത്സ്യ മാര്‍ക്കറ്റ് റോഡ് വ്യാപാരികള്‍ കൈയടക്കിയതായുള്ള ആക്ഷേപത്തെ തുടര്‍ന്നു നോട്ടീസ് നല്‍കി 30 ദിവസത്തിനകം ഒഴിപ്പിക്കുമെന്ന് മുനിസിപ്പല്‍ പ്രതിനിധികള്‍ അറിയിച്ചു. മൂലമറ്റം ഭാഗത്തു നിന്നെത്തുന്ന ബസുകള്‍ ഗാന്ധി സ്‌ക്വയറിലെത്തി മാര്‍ക്കറ്റ് റോഡ് വഴി മുനിസിപ്പല്‍ സ്റ്റാന്റിലെത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നെങ്കിലും അതിന് സ്വീകാര്യത കിട്ടിയില്ല. നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍  അധ്യക്ഷയായി.പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍, ജോയിന്റ് ആര്‍ടിഒ ടി.ഒ ജോളി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it