thrissur local

അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി

കൊടുങ്ങല്ലൂര്‍: അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. പടക്കം നിര്‍മിച്ചിരുന്ന നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പുല്ലൂറ്റ് ചാപ്പാറ ഓറ സ്‌കൂളിന് തൊട്ടു കിഴക്കു ഭാഗത്താണ് നാലു സ്ത്രീകള്‍ പൂട്ടി കിടക്കുന്ന വീടിന്റെ മുകളിലിരുന്ന് ഓലപ്പടക്കം നിര്‍മിച്ചിരുന്നത്. ഇന്നലെ വൈകീട്ട് നാലിനാണ് അപകടമുണ്ടായത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാരാണ് നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. ചാപ്പാറ സ്വദേശികളായ മടക്കളാതുരുത്തി ദേവസ്സിയുടെ മകള്‍ ഷേര്‍ളി(44), പാലക്കപ്പറമ്പില്‍ പൊക്കന്റെ ഭാര്യ വിലാസിനി(65), വെളുത്തേരി സലീമിന്റെ ഭാര്യ മുംതാസ്(44), കളപ്പറമ്പില്‍ കാര്‍ത്ത്യായനി(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷേര്‍ളി ഒഴികെ ഗുരുതരാവസ്ഥയിലായ മറ്റു മൂന്നു പേരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിനങ്ങളുടെ മുന്നോടിയായി ചാപ്പാറ പ്രദേശത്ത് കുടില്‍ വ്യവസായമെന്ന പോലെ പടക്ക നിര്‍മാണം അനധികൃതമായി നടക്കുന്നുണ്ട്. പടക്കത്തിന് വേണ്ട സാധന സാമഗ്രികള്‍ ഏജന്റുമാര്‍ ഇറക്കികൊടുക്കുകയും നിര്‍മാണം കഴിഞ്ഞ പടക്കം അവര്‍ തന്നെ ഏറ്റെടുത്ത് വില്‍പനക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പൂട്ടികിടന്നിരുന്ന വീട് ഓറ സ്‌കൂളിന്റെ മാനേജരുടേതാണ്. ഓറ സ്‌കൂളിലെ പാചകതൊഴിലാളികള്‍ രാത്രിയില്‍ കിടന്ന് ഉറങ്ങുന്നത് അപകടത്തിനിടയായ ഈ വീട്ടിലാണ്. കൊടുങ്ങല്ലൂര്‍ എസ്‌ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ വീടിന് മുകളില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചു വരുന്നു.
Next Story

RELATED STORIES

Share it