Kollam Local

അനധികൃത നിലം നികത്തല്‍ : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു



ചവറ: ചവറ വില്ലേജ് ഓഫിസിന്റെ പരിധിയില്‍ അനധികൃത നിലം നികത്തല്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ശങ്കരമംഗലം കാമന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ നില പ്രദേശം രാത്രികാലങ്ങളില്‍ വാഹനത്തില്‍ മണ്ണിടിച്ച് നികത്തി വരികയാണ്.  സമീപവയല്‍ മാസങ്ങള്‍ക്ക് മുന്‍പ് നികത്തി ഷെഡ് പണിതിരുന്നു. നിലം നികത്തല്‍ തുടരുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്നാരോപിച്ചാണ് ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രതിഷേധവുമായി വില്ലേജ് ഓഫിസില്‍ എത്തിയത്. വില്ലേജ് ഓഫിസിന്റെ മൂക്കിന് താഴെ നിലം നികത്തുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ കണ്ണടയ്ക്കുകയാണന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. നികത്തിയ പ്രദേശം മണ്ണ് നീക്കം ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും  പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  വില്ലേജ് ഓഫിസര്‍ ശിവ പ്രസാദിനെ തടഞ്ഞുവെച്ചതറിഞ്ഞ്  പോലിസ് എത്തിയെങ്കിലും നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നിലം നികത്തലുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും നികത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് സെക്രട്ടറി എസ് അനില്‍ , അജീഷ്, സി രതീഷ്, ലോയിഡ്, റിയാദ്, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉപരോധം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ പ്രവര്‍ത്തകരും  പോലിസും  തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തിനിടയാക്കി. സിഐ ഗോപകുമാര്‍, എസ്‌ഐ ജയകുമാര്‍ എന്നിവര്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it