malappuram local

അനധികൃത നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകമാവുന്നു

തിരൂരങ്ങാടി: പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നിരീക്ഷണകാമറകളെ കബളിപ്പിക്കുന്ന മായാവി നമ്പര്‍ പ്ലേറ്റുകള്‍ കേരളത്തില്‍ വ്യാപകമാവുന്നു. നിരീക്ഷണകാമറകളും റഡാറുകളും സ്ഥാപിച്ച റോഡുകളിലൂടെ അമിതവേഗത്തില്‍ പാഞ്ഞുപോയാലും ഇവയില്‍ നമ്പര്‍ പതിയില്ല എന്നതാണ് മായാവി നമ്പര്‍ പ്ലേറ്റുകളുടെ പ്രത്യേകത.
നേരത്തെ മുംബെയിലെ അധോലോക സംഘങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ റോഡുകളിലൂടെ ചീറിപ്പായുന്ന നിരവധി ആഡംഭര കാറുകളിലും മറ്റും ഇത്തരം നമ്പര്‍ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. റഡാറുകളും നിരീക്ഷണകാമറകളും സ്ഥാപിച്ച റോഡുകളിലൂടെ അതിവേഗത്തില്‍ കടന്നുപോവുകയാണെങ്കില്‍ സാധാരണ നമ്പര്‍ പ്ലേറ്റിലെ നമ്പറുകള്‍ പതിയും. എന്നാല്‍ അനധികൃത പ്ലേറ്റുകളാണെങ്കില്‍ ഒരു തിളക്കം മാത്രമേ ഉണ്ടാകൂ. കാമറയില്‍ നിന്നുള്ള കിരണങ്ങള്‍ നമ്പര്‍ പ്ലേറ്റില്‍ തട്ടുമ്പോള്‍ ഇവയില്‍ നിന്നും പ്രകാശമുണ്ടാകുന്നതോടെ നമ്പര്‍ കാണാതാവുകയാണ്.
ഇത്തരം പ്ലേറ്റുകളില്‍ നേരിട്ട് നോക്കുമ്പോള്‍ നമ്പര്‍ കാണാമെങ്കിലും വശത്ത് നിന്ന് നോക്കുമ്പോള്‍ ഒരു തിളക്കം മാത്രമേ കാണുകയുള്ളൂ.ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നതിനാല്‍ നടപടി കര്‍ശനമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ ആഡംബര കാറുകളിലാണ് വ്യാപകമായി ഇവ ഉപയോഗിക്കുന്നത്.
മൂവായിരം രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില. ബാംഗ്ലൂരില്‍ നിന്നുമാണ് ഇവ കേരളത്തിലേക്കെത്തുന്നതെന്നാണ് റിപോര്‍ട്ട്.
ഇതിനായി നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സാധാരണ നമ്പര്‍ പ്ലേറ്റുകളില്‍ തന്നെ നിശ്ചിത രൂപത്തിലും വലിപ്പത്തിലുമല്ലാത്തവയും നമ്പര്‍ വ്യക്തമാകാത്ത രീതിയില്‍ ചിത്രപ്പണി നടത്തിയതുമായ വാഹനങ്ങളും പിടികൂടി 2000 രൂപ മുതല്‍ പിഴ ഈടാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it