kannur local

അനധികൃത തെരുവുകച്ചവടം; വ്യാപാരികളുമായി സംഘര്‍ഷം പതിവാകുന്നു

ഇരിട്ടി: നഗരത്തില്‍ തോന്നിയിടങ്ങളിലെല്ലാം തെരുവുകച്ചവടക്കാര്‍ക്ക് വ്യാപാരം നടത്താമെന്ന നിലവന്നതോടെ വ്യാപാരികളുമായുള്ള സംഘര്‍ഷവും വാക്കേറ്റവും പതിവാകുന്നു. വഴിവാണിഭര്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കാതെ അവര്‍ക്ക് തോന്നുന്നിടത്ത് വ്യാപാരം നടത്താമെന്ന സ്ഥിതിയാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. ഇരിട്ടി പുതിയ സ്റ്റാന്റ് റോഡില്‍ നടപ്പാതയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വഴിവാണിഭ സംഘം ബുധനാഴ്ച വ്യാപാരം തുടങ്ങിയതോടെ സമീപത്തെ വ്യാപാരി പ്രതിഷേധവുമായി രംഗത്തെത്തി.
ഏറെ നേരം വാക്കേറ്റം ഉണ്ടാവുകയും സംഘര്‍ഷത്തോളം എത്തുകയും ചെയ്തു. അനുകൂലിച്ചും എതിര്‍ത്തും കാഴ്ച്ചക്കാരും രണ്ടു വിഭാഗമായതോടെ ജനം തടിച്ചുകൂടി. പോലിസെത്തി കാഴ്ചക്കാരെ മാറ്റിയശേഷം പ്രതിഷേധവുമായെത്തിയ വ്യാപാരിയെയും വഴിവാണിഭക്കാരനെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. തെരുവുകച്ചവടക്കാര്‍ക്കായി സംഘടനയുണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെങ്കിലും അവര്‍ക്ക് വ്യാപാരം നടത്താന്‍ സ്ഥിരമായ സംവിധാനം നഗര ഭരണകൂടം ഒരുക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയാണ് വ്യാപാരികളുമായുള്ള സംഘര്‍ഷത്തിനിടയാക്കുന്നത്്.
നിയമവിധേയമായി വാടകയും ലൈസന്‍സ് ഫീയും മറ്റും നല്‍കി വ്യാപാരം നടത്തുന്നര്‍ക്ക് തെരുവുകച്ചവടക്കാരുടെ വ്യാപാരം വന്‍ ഭീഷണിയാണ് ഉണ്ടാക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേള്ള പ്രവേശന കവാടത്തില്‍ വരെയാണ് വഴിവാണിഭക്കാര്‍ കൈയടക്കുന്നത്.
ഇത് വ്യാപാരികള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നഗരം എന്ന അധികൃതരുടെ പ്രഖ്യാനം നിലനില്‍ക്കെയാണ് വ്യത്തിഹീനമായ സ്ഥലങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കു പോലും പ്രയാസം ഉണ്ടാക്കുന്ന രീതിയില്‍ തെരുവുകച്ചവടം നഗരത്തില്‍ വര്‍ധിക്കുന്നത്.
Next Story

RELATED STORIES

Share it