Kollam Local

അനധികൃത ചെളിയെടുപ്പിനെതിരേ റെയ്ഡ്; ചെളിക്കൂനകള്‍ കണ്ടു കെട്ടി

കരുനാഗപ്പള്ളി: പാവുമ്പാ മേഖലയില്‍ നടന്നു വന്ന അനധികൃത ചെളിയെടുപ്പിനെതിരേ റവന്യൂ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. പാവുമ്പാവടക്ക്, പാവുമ്പാ തെക്ക്, കാളിയന്‍ ചന്ത പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. സ്വകാര്യ വ്യക്തികളുടെ പുഞ്ചകളില്‍ നിന്നും അനധികൃതമായി ഖനനം ചെയ്ത് സംഭരിച്ചിരുന്ന 1360 ലോഡോളം ചെളിയും 70 ലോഡ് വരുന്ന ചെമ്മണ്ണും പിടിച്ചെടുത്തു. കൊല്ലം ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പാവുമ്പാ വില്ലേജിലെ പതിനൊന്നോളം ഇഷ്ടികചൂളകളിലും പരിശോധന നടന്നു. ഇതില്‍ മൂന്നെണ്ണം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തി. പിടിച്ചെടുത്ത ചെളിയും മണ്ണും നീക്കം ചെയ്യാന്‍ പാടില്ലെന്ന് കാണിച്ച് ഇഷ്ടിക കമ്പനി ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. അനധികൃത ഖനനത്തിനും സംഭരണത്തിനും മൈനിങ് ആന്റ് ജിയോളജി വകുപ്പ് മുഖാന്തിരം പിഴ ചുമത്തുമെന്ന് തഹസില്‍ദാര്‍ എ സാജിദാബീഗം അറിയിച്ചു. മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. തഹസില്‍ദാറെ കൂടാതെ പാവുമ്പാവില്ലേജ് ഓഫിസര്‍ സജീവകുമാരന്‍ നായര്‍, റവന്യൂ ഉദ്യോഗസ്ഥരായ സുനില്‍, സന്തോഷ്, ശ്രീജിത്ത്, എന്നിവരും ഓച്ചിറ എസ് ഐ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും റെയ്ഡിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it