wayanad local

അനധികൃത ഖനനം; മൂന്ന് ലോഡ് മണലും വാഹനങ്ങളും പിടികൂടി

കല്‍പ്പറ്റ: അനധികൃതമായി ഖനനം ചെയ്ത മണല്‍ പോലിസ് പിടികൂടി. മൂന്നു ലോഡ് മണലും വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. കൊളവയല്‍ ഞാണുമ്മല്‍ കോളനിക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് ഇന്നലെ രാവിലെ 11ഓടെ മീനങ്ങാടി പോലിസ് മണല്‍ പിടികൂടിയത്. അര ഏക്കറോളം സ്ഥലത്തിനു നടുവില്‍ കുളവും അതിന്റെ കരയില്‍ കോരിയിട്ട മണലുമുണ്ടായിരുന്നു. ഇതു ലോറിയിലേക്കു കയറ്റുന്നതിനിടയിലാണ് പോലിസ് എത്തിയത്.
കര്‍ണാടകയിലേക്ക് കൊണ്ടുപോവാന്‍ തയ്യാറായി നിന്ന മണല്‍ കയറ്റിയ ലോറിയും കയറ്റാനുപയോഗിച്ച എക്‌സ്‌കവേറ്ററും കസ്റ്റഡിയിലെടുത്തു. സമീപത്തെ പുഴയുടെ അമ്പതു മീറ്റര്‍ ദൂരത്ത് നിന്നാണ് ഖനനം നടത്തുന്നതെന്നും ഇത് അനധികൃതമാണെന്നും സിഐ സുഷീര്‍ പറഞ്ഞു. പിടിച്ചെടുത്ത ലോറികളും എക്‌സ്‌കവേറ്ററും കലക്ടറുടെ മുമ്പാകെ ഹാജരാക്കും. തുടര്‍നടപടി കലക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കും. നാട്ടുകാരില്‍ ചിലര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും സിഐ പറഞ്ഞു.
പോലിസ് അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ വാണിജ്യ നികുതി വിഭാഗം രേഖകള്‍ പരിശോധിച്ചു. വിശദപരിശോധനയ്ക്കായി രേഖകള്‍ ഇവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ നികുതിവെട്ടിപ്പ് കണ്ടെത്താനായില്ലെന്നു വാണിജ്യ നികുതി വിഭാഗം ഇന്റലിജന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഓഫിസര്‍ ജെ ശശിധരന്‍പിള്ള പറഞ്ഞു. ഫെബ്രുവരിയിലാണ് മണല്‍ വില്‍പന തുടങ്ങിയത്.
മാര്‍ച്ചിലെ ബില്ലുകള്‍ കൂടി പരിശോധിക്കണം. എന്നാല്‍, മാര്‍ച്ചിലെ നികുതി അടയ്ക്കാന്‍ പത്താം തിയ്യതി വരെ സമയമുണ്ടെന്നും ശശിധരന്‍പിള്ള പറഞ്ഞു.
അതേസമയം, ഒരു വര്‍ഷം മുമ്പ് കോരിയിട്ട മണലാണിതെന്നും ഫെബ്രുവരിയിലാണ് മണല്‍ നീക്കാന്‍ അനുമതി ലഭിച്ചതെന്നും നടത്തിപ്പുകാരിലൊരാളായ പി ജെ ബേബി പറഞ്ഞു. ഹൈക്കോടതി ഉത്തരവും ജിയോളജി അനുമതിയും മണല്‍ കൊണ്ടുപോവുന്നതിനുണ്ട്.
വില്‍പന നികുതി കൃത്യമായി അടച്ചിട്ടുണ്ട്. പുഴയ്ക്കു കുറുകെ താല്‍ക്കാലിക പാലം നിര്‍മിച്ചത് പഞ്ചായത്ത് അനുമതിയോടെയാണ്. മണല്‍ കൊണ്ടുപോയ ശേഷം ഇതു പൂര്‍വസ്ഥിതിയിലാക്കി നല്‍കുമെന്ന വ്യവസ്ഥയിലാണ് വഴി നിര്‍മിച്ചത്. പുഴയ്ക്ക് യാതൊരുവിധത്തിലും ദോഷമുണ്ടാക്കുന്ന തരത്തില്‍ ഇവിടെ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. ദിവസങ്ങള്‍ക്കു മുമ്പ് ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ വന്‍ പോലിസ് സന്നാഹത്തോടെ സ്ഥലം സന്ദര്‍ശിച്ചു. രേഖകള്‍ പരിശോധിച്ച് നിയമപരമാണ് കാര്യങ്ങളെന്നു ബോധ്യപ്പെട്ടാണ് അവര്‍ മടങ്ങിയതെന്നും ബേബി പറഞ്ഞു. മീനങ്ങാടി പോലിസാണ് മണല്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തതെങ്കിലും തങ്ങളുടെ പരിധിയിലല്ലാത്തതിനാല്‍ കല്‍പ്പറ്റ പോലിസിന് വൈകീട്ടോടെ കൈമാറി.
Next Story

RELATED STORIES

Share it