Flash News

അനധികൃത കൈയ്യേറ്റം : ഭൂമി ഒഴിപ്പിക്കാന്‍ ഹാജി അലി ദര്‍ഗയ്ക്ക് നിര്‍ദേശം



ന്യൂഡല്‍ഹി: പൈതൃക സ്മാരകമായ മുംബൈ ഹാജി അലി ദര്‍ഗയുടെ 500 ചതുരശ്ര അടി വിസ്തൃതിയിലുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദര്‍ഗ ട്രസ്റ്റിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഈ ലക്ഷ്യവുമായി ഏറെ നാളായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സുപ്രിംകോടതി പ്രശംസിച്ചു. ജൂണ്‍ ആറിനകം കൈയേറ്റക്കാര്‍ ഒഴിയുന്നില്ലെങ്കില്‍ ബോംബെ ഹൈക്കോടതി നിയോഗിക്കുന്ന സംയുക്ത ദൗത്യസേന ജൂണ്‍ 10ഓടെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 30ഓടെ പൂര്‍ത്തീകരിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. എഡി 1431ല്‍ നിര്‍മിച്ച ഹാജി അലി ദര്‍ഗയുടെ സൗന്ദര്യവല്‍ക്കരണ പദ്ധതി ജൂണ്‍ 30നോ അതിനു മുമ്പായോ രേഖാമൂലം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഹാജി അലി ട്രസ്റ്റ് സമര്‍പ്പിച്ച സൗന്ദര്യവല്‍ക്കരണ രൂപരേഖ അംഗീകരിച്ചതായും ആവശ്യമെങ്കില്‍ മുംബൈ നഗരസഭ മാറ്റങ്ങള്‍ വരുത്തുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതേസമയം, ട്രസ്റ്റ് നല്‍കിയ രൂപരേഖ തള്ളി നഗര പൈതൃക വാസ്തുശില്‍പിയുടെ സഹായത്തോടെ പുതിയ രൂപരേഖ തയ്യാറാക്കാന്‍ നഗരസഭാ സമിതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മതവികാരങ്ങളെ പരിഗണിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. തന്റെ സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് മക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ധനിക വ്യാപാരി സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ സ്മരണാര്‍ഥമാണ് 1431ല്‍ ഈ ആരാധനാലയം നിര്‍മിച്ചത്. പള്ളി സ്ഥിതി ചെയ്യുന്ന 171 ചതുരശ്ര മീറ്റര്‍ സ്ഥലം സംരക്ഷിച്ച് നിര്‍ത്തി കൈയേറ്റം നടന്ന 908 ചതുരശ്ര അടി ഒഴിപ്പിച്ചെടുക്കാനാണ് തീരുമാനം. സംയുക്ത ദൗത്യസേന രൂപീകരിക്കാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ ദര്‍ഗയിലേക്കുള്ള വഴിയിലെ കൈയേറ്റങ്ങളും ഒഴിപ്പിച്ചെടുക്കാന്‍ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it