palakkad local

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നഗരസഭയ്ക്ക് ഇരട്ടത്താപ്പ്



പാലക്കാട്: നഗരത്തിലെ  അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നഗരസഭ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നതായി പരാതി. ഏറെ നാളായി നഗരസഭാധികൃതര്‍ കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നുണ്ടെങ്കിലും നിമിഷങ്ങള്‍ക്കകം തന്നെ   പുതിയ കൈയേറ്റവുമായി കച്ചവടക്കാര്‍ എത്തുകയാണ്. പാലക്കാട് നഗരസഭാ ഓഫീസിനും സുല്‍ത്താന്‍പേട്ടയ്ക്കു പരിസരത്തുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നഗരസഭാ ചെയര്‍പേഴ്‌സണും മുന്‍നഗരസഭാംഗങ്ങള്‍ക്കും മിണ്ടാട്ടമില്ല.  15 വര്‍ഷം മുമ്പു മുതലുള്ള കൈയേറ്റങ്ങളാണ് ഇവിടെ ഒഴിപ്പിക്കാനുള്ളത് എന്നതാണ് കാരണം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ട ഒഴിപ്പിക്കല്‍ വരെ ഇതിലുണ്ട്. കോര്‍ട്ട് റോഡിലെ സ്വകാര്യ സ്ഥാപനത്തിന്റെ കയ്യേറ്റം, ജി ബി റോഡിലെ രണ്ട് വന്‍കിട കമ്പനികളുടെ കൈയേറ്റങ്ങള്‍, സുല്‍ത്താന്‍പേട്ട ജംഗ്ഷന്‍ മുതല്‍ കല്‍മണ്ഡപം വരെയുള്ള കൈയേറ്റങ്ങള്‍ അങ്ങനെപോകുന്നു. ഒഴിപ്പിക്കേണ്ടവയുടെ ലിസ്റ്റ്. ഒറ്റപ്പാലം സബ് കളക്ടര്‍ പി ബി  നൂഹ് മണ്ണാര്‍ക്കാട് തുടങ്ങിവച്ച ഓപ്പറേഷന്‍ അനന്തയുടെ ചുവടുപിടിച്ചാണ് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണും സംഘവും നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് സൂചന നല്‍കിയത്. എന്നാല്‍ ഒലവക്കോട്ടെ ജംഗ്ഷന്‍ മുതല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷന്‍ വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് നഗരസഭാ ജീവനക്കാര്‍ പറയുന്നു. വര്‍ഷങ്ങളായി കോടതി ഉത്തരവിട്ടിട്ടും ഒഴിപ്പിക്കാതെ തുടരുന്ന കൈയേറ്റങ്ങള്‍ എന്ന് നീക്കം ചെയ്യുമെന്ന് നഗരസഭാധികൃതര്‍ക്കും തീരുമാനമില്ല. ഹൈക്കോടതിയുടെ ഉത്തരവിന്റെ കോപ്പിവരെ അട്ടിമറിച്ച കോണ്‍ഗ്രസ് ചെയര്‍മാന്‍മാര്‍ മുമ്പു നഗരസഭ ഭരിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.  ഒഴിപ്പിക്കലിനേക്കാള്‍ കയ്യേറ്റങ്ങള്‍ക്ക് അനുവാദം നല്‍കുന്നവരാണ് മുമ്പു വന്നുപോയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ നഗരസഭ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും സുല്‍ത്താന്‍പേട്ട ജങ്ഷന് വീതി കൂടുമെന്നുമെന്നത് സ്വപ്‌നം മാത്രമാണെന്നാണ് വ്യാപാരികളും പറയുന്നത്.  പാലക്കാട് നഗരസഭയും ഇവിടെ ഭരിക്കാനെത്തുന്ന ജീവനക്കാരും ഒഴിപ്പിക്കലിന് ഒരിക്കലും പ്രാധാന്യം നല്‍കില്ല. കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കണമെന്നു നോട്ടീസ് നില്‍കി ജെസിബി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുമെന്നുമാത്രം.
Next Story

RELATED STORIES

Share it