palakkad local

അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ നടപടിയെടുക്കും: പാലക്കാട് താലൂക്ക് വികസന സമിതി

പാലക്കാട്: മിച്ചഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. അനധികൃത കൈയേറ്റം, നിലം നികത്തല്‍, ഭൂമി തരം മാറ്റല്‍ എന്നിവയ്‌ക്കെതിരേയും നടപടി ശക്തമാക്കുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.
വിക്ടോറിയ കോളെജിനടുത്തും മന്ദക്കരയിലുള്ള ടോള്‍ബൂത്തുകള്‍ കാലാവധിക്കു ശേഷവും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റോഡ്‌സ് ആന്റ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് യോഗത്തില്‍ നിര്‍ദേശം നല്‍കി.
മഴക്കാലത്ത് പകര്‍ച്ച പനികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് പഴക്കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. കൂടാതെ റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനും സ്‌കൂളുകള്‍ക്കടുത്ത് പുകയില പരിശോധന ശക്തമാക്കാനും യോഗത്തില്‍ ആവശ്യപ്പെട്ടു.
29 പരാതികളാണ് പരിഗണിച്ചത്. 18 പുതിയ പരാതികള്‍ അടുത്ത യോഗത്തില്‍ പരിഗണിക്കും. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ ഗിരിജ അധ്യക്ഷയായ യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, പാലക്കാട് തഹസില്‍ദാര്‍ വി.വിശാലാക്ഷി, അഡീഷണല്‍ തഹസില്‍ദാര്‍ ആനിയമ്മ വര്‍ഗീസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി അനന്തകൃഷ്ണന്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it