Pathanamthitta local

അനധികൃത കൈയേറ്റം: വൃദ്ധസഹോദരിമാര്‍ നീതിതേടി അലയുന്നു

പത്തനംതിട്ട: അവകാശ തര്‍ക്കവും കേസും നിലനില്‍ക്കുന്ന ഭൂമിയില്‍ അനധികൃത കൈയേറ്റത്തിന് ശ്രമിച്ച സമ്പന്നനെതിരേ വൃദ്ധ സഹോദരിമാര്‍ നീതി തേടി അലയുന്നു. കീഴ്‌വായ്പ്പൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപികയായ ആനിക്കാട് കുന്നേല്‍ വീട്ടില്‍ ടി ആര്‍ തങ്കമ്മയും സഹോദരി കുന്നേല്‍ വീട്ടില്‍ ടി പി ജഗദമ്മയുമാണ് പരാതിക്കാര്‍.
14 അംഗങ്ങള്‍ക്ക് അവകാശപ്പെട്ട കുടുംബ വീട്ടില്‍ ഇപ്പോള്‍ അവിവാഹിതയും എണ്‍പതുകാരിയുമായ ടി പി ജഗദമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന്റെ ഭൂരിഭാഗവും ഇടിഞ്ഞുവീണതിനാല്‍ ഒറ്റമുറിയിലാണ് താമസിക്കുന്നത്. നാല് ഏക്കറും 98 സെന്റ് സ്ഥലവുമാണ് കുടുംബ സ്ഥലമായുള്ളത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ തങ്കമ്മ 1. 30 ഏക്കര്‍ സ്ഥലം ആനിക്കാട് അങ്ങായിയില്‍ വീട്ടില്‍ പോത്തന്‍ വര്‍ഗീസിന് വില്‍ക്കാനായി കരാറുണ്ടാക്കി.
എന്നാല്‍ വസ്തു അളന്നുതിട്ടപ്പെടുത്താതെയും രേഖകള്‍ തയ്യാറാവുന്നതിന് മുമ്പും കുടുതല്‍ സ്ഥലം പോത്തന്‍ വര്‍ഗീസ് കൈയ്യേറിയതായി സഹോദരിമാര്‍ പറയുന്നു. ജഗദമ്മയുടെ മൂത്ത സഹോദരിയായ ടി ആര്‍ തങ്കമ്മക്ക് കോടതി വ്യവഹാരത്തെ തുടര്‍ന്ന് ലഭിച്ച 29.857 സെന്റ് സ്ഥലവും കൈയേറി. അനധികൃതമായി കൈയേറിയ സ്ഥലം തിരികെ നല്‍കണമെന്ന ആവശ്യം അവഗണിച്ച് സഹോദരിമാരെ പ്രതിയാക്കി സിവില്‍ കേസ് നല്‍കുകയും സ്ഥലത്തെ വൃക്ഷങ്ങള്‍ വെട്ടിമാറ്റാനുമാണ് പോത്തന്‍ വര്‍ഗീസ് ശ്രമിച്ചത്.
2011 ആഗസ്ത് 23ന് പോത്തന്‍ വര്‍ഗീസും സംഘവും ചേര്‍ന്ന് ജഗദമ്മയെ വീട് കയറി ആക്രമിക്കുകയും ചെയ്തു. അക്രമം ഭയന്ന് രണ്ട് വര്‍ഷത്തോളം മറ്റ് വീടുകളിലാണ് ജഗദമ്മ അഭയം തേടിയിരുന്നത്. അക്രമത്തിനെതിരേ കീഴ്‌വായ്പൂര് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല. തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി, എസ് പി എന്നിവര്‍ക്കും പരാതി നല്‍കി. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ്സ് മുന്‍സിഫ് കോടതിയിലും സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. തുടര്‍ അന്വേഷണത്തിനായി കേസ് കീഴ്‌വായ്പൂര് പൊലിസിലേക്ക് കോടതി റഫര്‍ ചെയ്തു.
എന്നിട്ടും വാദികളില്‍ നിന്നും മൊഴിയെടുക്കുന്നതിനോ മഹസര്‍ തയ്യാറാക്കുന്നതിനോ തയ്യാറാകാതെ പൊലിസ് കേസ് തള്ളി. ഇതിനിടെ കള്ളക്കേസില്‍ കുടുക്കി ജീവിതം തകര്‍ക്കുമെന്ന പോത്തന്‍വര്‍ഗീസ് ഭീഷണിപ്പെടുത്തിയതായും ജഗദമ്മ പറയുന്നു.വസ്തു തിരികെ കിട്ടാന്‍ കേസ് നല്‍കിയിട്ടുണ്ടെങ്കിലും വിധി വരുന്നതിന് മുമ്പ് തീറാധാരം ഉണ്ടാക്കി മുള്ളുവേലിയും സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയാണ്. പോത്തന്‍ വര്‍ഗീസിന്റെ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് പോലിസ് നടപടിയെടുക്കാന്‍ വൈകുന്നതെന്നാണ് തങ്കമ്മയുടെയും ജഗദമ്മയുടെയും ആക്ഷേപം.
Next Story

RELATED STORIES

Share it