Pathanamthitta local

അനധികൃത കെട്ടിടം ഒഴിപ്പിക്കാന്‍ എത്തിയവര്‍ക്കു നേരെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്  

പത്തനംതിട്ട: പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അനധികൃത കെട്ടിടം ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാരെയും സംഭവം കണ്ടു നിന്ന നാട്ടുകാരെയും കൈയറ്റക്കാരനും മകനും ചേര്‍ന്ന് ആക്രമിച്ചു. ഇവരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട, വെട്ടിപ്പുറം പീരുക്കണ്ണ് പുരയിടത്തില്‍ ഷമീറി(30)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരന്റെ മകന്‍ അജീസിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ കുലശേഖരപതി സ്വദേശി സലീംഖാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കാന്‍ രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ തീരുമാനം എടുത്തിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് ശേഷം നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനീ പ്രദീപിന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാര്‍ സ്ഥലത്തെത്തുകയും കട ഒഴിപ്പിച്ച് താഴിട്ടു പൂട്ടാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സലീം ഖാനും മകന്‍ അജീസും ചേര്‍ന്ന് നഗരസഭാ ജീവനക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ സംഭവം കണ്ടുനിന്നവര്‍ക്കു നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സമീപത്തു നിന്ന ഷമീറിന്റെ തലയ്ക്ക് ഇവര്‍ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റു വീണ ഷമീറിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സലീം ഖാനും മകനും സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പോലിസ് നടത്തിയ തിരച്ചിലിലാണ് അജീസ് പിടിയിലാവുന്നത്.
ഇതേത്തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണിന്റെ നിര്‍ദേശ പ്രകാരം അനധികൃത കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി. ജീവനക്കാരെ തടഞ്ഞുവച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നഗരസഭ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ലതാകുമാരി, ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്, അഷ്‌റഫ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. സലീംഖാന്‍ അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്തു തന്നെ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ചെയര്‍പേഴ്‌സണ്‍ രജനീ പ്രദീപ് പറഞ്ഞു.
യാതൊരുപ്രകോപനവും കൂടാതെയാണ് ഇവര്‍ ആക്രമണം നടത്തിയതെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, കൗണ്‍സിലര്‍മാരായ കെ ജാസിംകുട്ടി, റോഷന്‍നായര്‍, പി മുരളീധരന്‍, വി ആര്‍ ജോണ്‍സണ്‍, സജി കെ സൈമണ്‍, നഗരസഭാ സെക്രട്ടറി സുബോധ് എസ് തുടങ്ങിയവരും സംഭവസ്ഥലത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it