palakkad local

അനധികൃത കുന്നിടിക്കല്‍ വ്യാപകം: നടപടിയെടുക്കാതെ റവന്യൂ അധികൃതര്‍



ആലത്തൂര്‍: കാവശ്ശേരിയില്‍ അനധികൃത കുന്നിടിക്കല്‍ വ്യാപകം. വിവരം നല്‍കിയിട്ടും നടപടിയെടുക്കാതെ റവന്യൂ അധികൃതര്‍. പുലര്‍ച്ചെ ഒരു മണി മുതലുള്ള സമയങ്ങളിലാണ് പ്രധാനമായും മണ്ണ് കടത്തല്‍ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആലത്തൂര്‍ തഹസില്‍ദാര്‍ എം കെഅനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പതിനഞ്ചോളം സംഭവങ്ങള്‍ പിടികൂടിയെങ്കിലും കുന്നിടിക്കലും പാടം നികത്തലും തുടരുകയാണ്. കാവശ്ശേരി കഴനിചുങ്കം  കുന്നുംപുറം എസ്ആര്‍വിഎല്‍പി സ്‌കൂളിനു സമീപം ഇന്നലെ രാവിലെ മുതല്‍ ഏഴോളം ടിപ്പര്‍ ലോറികളില്‍ അനധികൃതമായി മണ്ണ് കടത്തികൊണ്ടിരിക്കുകയാണ്. ഇത് ഈ പ്രദേശത്തെ കിണറുകളില്‍ വെള്ളം കുറയാ ന്‍ കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. വേപ്പിലശ്ശേരി, ഇരട്ടക്കുളം , ആന്തോട്, തെന്നിലാപുരം ,പാടൂര്‍  ഭാഗങ്ങളിലാണ് കുന്നിടിക്കല്‍ കൂടുതലായി നടക്കുന്നത്. കുന്നിടിക്കുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ നാട്ടുകാരില്‍ പലരും പോലിസിനെ അറിയിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്ന ആരോപണം ശക്തമാണ്. ഉടന്‍ ആളെ വിടാമെന്ന് മറുപടി ലഭിക്കുമെങ്കിലും ആരും വരാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലിസില്‍ വിവരം നല്‍കുന്നയാള്‍ പേരും ഫോണ്‍ നമ്പറും നല്‍കിയാല്‍ മണ്ണ് കടത്തുന്ന വ്യക്തി, പോലിസില്‍ വിവരം നല്‍കിയ ആളെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവും ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ മണ്ണ് കടത്തുന്ന ആളില്‍ നിന്ന് ഭീഷണിയും ഉണ്ടാവാറുണ്ടെന്ന് ഇവര്‍ പറയുന്നു. പോലിസിന് മാത്രം നല്‍കുന്ന വിവരങ്ങള്‍ മണ്ണ് കടത്തുന്നയാള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായതോടെ പോലിസിന്റെ പിന്തുണയോടെയാണ് മണ്ണ് കടത്തുന്നതെന്ന ആരോപണം ശക്തിപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ മേഖലയില്‍ റവന്യൂ സ്‌ക്വാഡില്‍ നിന്നും മണ്ണ് മാഫിയകള്‍ക്ക് വിവരം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കഴനി കുന്നുംപുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പി ല്‍ അനധികൃതമായി കടത്തുന്നത് തഹസില്‍ദാറെയും വില്ലേജ് ഓഫിസറെയും നാട്ടുകാര്‍ അറിയിച്ചെങ്കിലും വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് ഭൂമാഫിയയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെ സിബിയും ടിപ്പറുകളും മാറ്റിയിടുന്ന സ്ഥിതിയുണ്ടായി. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കുന്നിടിക്കലും പാടം നികത്തലും നടത്താനാണ് മണ്ണ് മാഫിയയുടെ ശ്രമം. ഭൂമാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാ ന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it