അനധികൃത കുടിയേറ്റം തടയാന്‍ നടപടി

ഇറ്റാനഗര്‍/ഷില്ലോങ്: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററി (എന്‍ആര്‍സി)യുടെ ആദ്യ കരട് പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹസാധ്യത കണക്കിലെടുത്തു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിജാഗ്രത. അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍ആര്‍സി പ്രസിദ്ധീകരണത്തിന്റെ വെളിച്ചത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിയെക്കുറിച്ചു മുഖ്യമന്ത്രി പേമഖണ്ഡു ഡിജിപിയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ കാവല്‍പ്പുരകളില്‍ ശക്തമായ നിരീക്ഷണം വേണമെന്നും ഡിജിപിക്ക് നിര്‍ദേശം നല്‍കി. മണിപ്പൂരിലെ ജിരിബ ബാബു പാറ ബസാറിലും മിസോറാമുമായി അതിര്‍ത്തി പങ്കിടുന്ന ബറാക് നദിക്കടുത്തും പ്രത്യേക പോലിസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നു മണിപൂര്‍ പോലിസ് അറിയിച്ചു. മണിപൂരില്‍ നിന്ന് ഉദ്ഭവിച്ച് മിസോറാം, അസം വഴി ബംഗ്ലാദേശിലെത്തുന്ന നദിയാണു ബറാക്. നാഗാലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന സേനപതി ജില്ലയിലെ മാവോ ഗേറ്റിലും പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് എംആര്‍സി തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ കരട് ഡിസംബര്‍ 31നാണു പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it