ernakulam local

അനധികൃത അറവ് ശാലകള്‍ അടച്ചുപൂട്ടാന്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ അനധികൃത അറവ്ശാലകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാവുമെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മൃഗസംരക്ഷണ സംഘടനയായ ദയ 2009ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ മുഹമ്മദ്മുഷ്താഖ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവില്‍ പഞ്ചായത്ത്, പോലിസ് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുണ്ട്.
16 അറവുശാലകള്‍ അടച്ചുപൂട്ടണമെന്നു പഞ്ചായത്തിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു. പഞ്ചായത്ത്‌നടപടിയെടുത്തുവെങ്കിലും അറവുശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടുവട്ടം കോടതി അറവുശാലകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിനു നിര്‍ദേശം നല്‍കിയെങ്കിലും അടച്ച അറവുശാലകള്‍ കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും പ്രവര്‍ത്തനം തുടരുക പതിവായിരുന്നു. അറവുശാലകളുടെ നടത്തിപ്പുകാര്‍ അറവുശാല നിര്‍മിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പഞ്ചായത്ത് മാനദണ്ഡങ്ങളും പരിസ്ഥിതി മലിനീകരണ ബോര്‍ഡിന്റെ വ്യവസ്ഥകളും അനുസരിച്ചു അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്റെയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ അനുമതി ലഭിക്കാതെയായിരുന്നു ഇതിനു ശേഷവും പായിപ്രയിലെ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്.
അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചായത്ത് ശക്തമായ നടപടികളെടുക്കണമെന്നും ഇതു സംബന്ധിച്ച് കോടതിയുടെ നേരത്തെയുള്ള ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു ദയ വീണ്ടും ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് കോടതി ശക്തമായ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന് ആവശ്യമെങ്കില്‍ പോലിസിന്റെ സഹായം തേടാമെന്നും പഞ്ചായത്ത് കത്തു നല്‍കിയാല്‍ പോലിസ് എല്ലാ സഹായവും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it