thrissur local

അനധികൃതവും അനിയന്ത്രിതവുമായ മണ്ണെടുപ്പ്: രണ്ടു വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

മാള: അനധികൃതവും അനിയന്ത്രിതവുമായ മണ്ണെടുപ്പ് മൂലം രണ്ട് വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ താണിശ്ശേരിയിലാണ് സമീപവീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ അവഗണിച്ച് വന്‍തോതിലുള്ള മണ്ണെടുപ്പ് നടക്കുന്നത്.
12 സെന്റ് ഭൂമിയില്‍ 15 അടിയിലേറെ ആഴത്തിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് സമീപ വീട്ടുകാരായ കളപ്പറമ്പത്ത് ജോയിയും കണ്ടംകുളത്തി ജോസും പറഞ്ഞു.
അനിയന്ത്രിതമായ മണ്ണെടുപ്പ് തടയാനായുള്ള എല്ലാ ശ്രമങ്ങളും പാഴായതായാണിവര്‍ പറയുന്നത്. ഇവരുടെ പുരയിടങ്ങളുടെ അരികില്‍ നിന്നുമുള്ള മണ്ണെടുപ്പ് വലിയ തോതിലുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ജോയിയുടെ 10 സെന്റ് വരുന്ന പുരയിടത്തിന്റെ തെക്കുഭാഗത്തു നിന്നും കിഴക്കുഭാഗത്ത് നിന്നും 15 അടിയിലേറെ ആഴത്തില്‍ മണ്ണെടുപ്പ് നടത്തിയതോടെ പുരയിടം തുരുത്തായി മാറിയിരിക്കയാണ്. ഇതുമൂലം മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാവുകയും പുരയിടവും വീടും തന്നെ തകര്‍ന്ന് താഴേക്കിരിക്കാന്‍ സാധ്യത ഏറിയിരിക്കയാണ്.
അങ്ങനെയായാല്‍ കുടുംബം തന്നെ ദുരന്തത്തിലാകാം. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാനായി ജിയോളജി വകുപ്പില്‍ നിന്നും നേടിയെടുത്ത അനുമതിയുടെ മറവിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. നേരത്തെ ശക്തമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചയോളമായി പലതവണ മണ്ണെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മണ്ണെടുപ്പ് നടന്നു. കൂട്ടിയിട്ട മണ്ണ് തന്നെയാണോ കടത്തികൊണ്ട് പോകുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തതും മണ്ണെടുപ്പുകാര്‍ക്ക് അനുകൂലമാകുകയാണ്.
ജോയിയും ജോസും ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയിലേറെയായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല. ജിയോളജി ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും നടപടികള്‍ ഒന്നുംതന്നെ സ്വീകരിക്കാതെ അവര്‍ മടങ്ങി. അനധികൃതമായുള്ള മണ്ണ് ഖനനത്തിനെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാലിത് പരിശോധിക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതും വില്ലേജ് അധികൃതരാണെന്ന് പറഞ്ഞ് ഒഴിവാക്കി. അനുവദിച്ചതിലും കൂടുതലായി മണ്ണ് കടത്തുന്നത് പരിശോധിക്കാനായി വില്ലേജ് ഓഫീസില്‍ പരാതി നല്‍കാനും പോലിസില്‍ നിന്നും ഉപദേശമുണ്ടായി.
കാക്കുളിശ്ശേരി വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ അനുമതിപ്രകാരമുള്ള മണ്ണ് കടത്തലാണോയെന്ന് പരിശോധന നടത്താനുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞ് വില്ലേജ് അധികൃതരും കൈയ്യൊഴിഞ്ഞു. പരാതിപ്പെടാവുന്ന ഇടങ്ങളിലെല്ലാം കയറിയിറങ്ങിയ പരാതിക്കാര്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെട്ട് തങ്ങള്‍ക്ക് നീതി നല്‍കണമെന്നാണ് ദുരിത ബാധിതരുടെയും നാട്ടുകാരുടെയും ആവശ്യം.
Next Story

RELATED STORIES

Share it