അനധികൃതമായി ഭൂമി അനുവദിക്കല്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് കേസ്

ചണ്ഡീഗഡ്: അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപിന്ദര്‍ സിങ് ഹൂഡയ്ക്കും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സംസ്ഥാന വിജിലന്‍സ് ബ്യൂറോ കേസെടുത്തു. ഹരിയാന അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി അധ്യക്ഷനായിരിക്കെ എജെഎല്ലിന് ഭൂമി അനുവദിച്ചതില്‍ അഴിമതിയും വഞ്ചനയും നടത്തിയെന്നാണ് കേസ്. ഹൂഡയ്ക്ക് പുറമെ ഹരിയാന അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍, സംസ്ഥാന ധനകാര്യ കമ്മീഷ്ണര്‍, ന്യൂഡല്‍ഹിയിലെ എജെഎല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്. എഫ്‌ഐആര്‍ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നു ഹൂഡ പറഞ്ഞു. എജെഎല്ലിന് പാഞ്ച്കുളയില്‍ 3,360 ചതുരശ്ര മീറ്റര്‍ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകള്‍ പുറത്തുവന്നത് 2015 ഡിസംബറിലാണ.് 2005 ആഗസ്ത് 18ന് ഹരിയാന അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അന്നത്തെ അധ്യക്ഷനായ ഹൂഡ 1982ലെ നിരക്കില്‍ ഭൂമി അനുവദിച്ചതില്‍ തന്റെ സ്ഥാനവും നിയമങ്ങളും ദുരുപയോഗം ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എജെഎല്ലിന് 1982ലാണ് ഭൂമി ആദ്യം അനുവദിച്ചത്. കമ്പനി ഉപയോഗിക്കാത്തതിനാല്‍ 1996ല്‍ അത് തിരിച്ചെടുത്തിരുന്നു. പിന്നീട് 2005 സപ്തംബര്‍ ഒന്നിന് ഭൂമിയില്‍ കെട്ടിടനിര്‍മാണം നടത്താന്‍ കമ്പനി ഒരു വര്‍ഷം സാവകാശം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അപേക്ഷയാണ് ഡവലപ്‌മെന്റ് അതോറിറ്റി അംഗീകരിച്ചത്. ഇതിലൂടെ സംസ്ഥാന ഖജനാവിന് 64 ലക്ഷം രൂപ നഷ്ടം വരുത്തിയതായാണ് കണ്ടെത്തിയത്.  പ്രതിപക്ഷ നേതാവ്  അഭയ് സിങ് ചൗതാല ഹൂഡയ്‌ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Next Story

RELATED STORIES

Share it