അനധികൃതമായി ജോലിയില്‍നിന്നു വിട്ട് നില്‍ക്കുന്നവര്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും

എച്ച്   സുധീര്‍
തിരുവനന്തപുരം: ഡ്യൂട്ടിയില്‍ നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എംഡിയുടെ അന്ത്യശാസനം. ആവശ്യത്തിലേറെ ജീവനക്കാര്‍ ഉണ്ടായിട്ടും ജീവനക്കാരുടെ അഭാവത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിരന്തരം മുടങ്ങുന്ന സാഹചര്യത്തിലാണ് നടപടി.
കെഎസ്ആര്‍ടിസിയില്‍ 16,000 വീതം ഡ്രൈവര്‍/ കണ്ടക്ടര്‍ വിഭാഗം ജീവനക്കാരാണ് നിലവിലുള്ളത്. എന്നാല്‍, പലപ്പോഴും ജീവനക്കാരുടെ കുറവുകാരണം നിരവധി സര്‍വീസുകള്‍ റദ്ദു ചെയ്യേണ്ടിവരുന്നതിനാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് കോര്‍പറേഷന്‍ നേരിടുന്നത്. ഈ സാഹചര്യത്തില്‍ അനധികൃതമായി ഉണ്ടാവുന്ന ജീവനക്കാരുടെ അഭാവം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എംഡി ടോമിന്‍ ജെ തച്ചങ്കരി. തുടര്‍ന്നാണ് അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ തിരികെയെത്തിക്കാന്‍ എംഡി നീക്കം ആരംഭിച്ചത്.
ഇതുപ്രകാരം 30ഉം അതിലധികവും ദിവസം തുടര്‍ച്ചയായി ജോലിക്ക് ഹാജരാവാതിരിക്കുന്ന ജീവനക്കാര്‍ ഈമാസം 31ന് വൈകീട്ട് അഞ്ചുമണിയ്ക്കകം ജോലിക്ക് ഹാജരാവണം. അല്ലാത്തപക്ഷം അത്തരം ജീവനക്കാര്‍ ജോലിയില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കരുതി മറ്റൊരു ഉത്തരവില്ലാതെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനാണ് കോര്‍പറേഷന്റെ തീരുമാനം.
ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ യൂനിറ്റിലേക്കും എംഡിയുടെ സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട യൂനിറ്റ് ഓഫിസര്‍മാര്‍ അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി ഇക്കാര്യം അറിയിക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച തുടര്‍നടപടികളുടെ റിപോര്‍ട്ട് ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞദിവസം കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലെ 141 ജീവനക്കാരെ കോര്‍പറേഷനില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്തവര്‍ക്കാണ് ജോലി നഷ്ടമായത്.
അതേസമയം, ടയറുകളില്ലാതെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്താവുന്ന സാഹചര്യം കുറയ്ക്കുന്നതിന് ടയര്‍വിഭാഗത്തിന്റെ ഡ്യൂട്ടി കഴിഞ്ഞദിവസം പരിഷ്‌കരിച്ച് ഉത്തരവായിരുന്നു. ടയറുകള്‍ ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ 500ലേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിട്ടുള്ളത്. ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ടയര്‍വിഭാഗത്തിന്റെ ഡ്യൂട്ടി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it