Pathanamthitta local

അനധികൃതമായി കടത്തിയ വന്‍ സ്‌ഫോടക സാമഗ്രികള്‍ പിടിച്ചെടുത്തു

പത്തനംതിട്ട: ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ അനധികൃതമായി കടത്തിയ വന്‍ സ്‌ഫോടക സാമഗ്രികകളും പണവും പിടിച്ചെടുത്തു. 1000 ഡിറ്റണേറ്റര്‍, 1200 ജലാറ്റിന്‍ സ്റ്റിക്ക്, 750 എം. സേഫ്ടി ഫ്യൂസ് എന്നിവയും രേഖകളില്ലാതെ കടത്തികൊണ്ടുപോയ 2.2 ലക്ഷം രൂപയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളാണ് ഇവ പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുവരെ ഫ്‌ളൈയിങ് സ്‌ക്വാഡ് 4124 വാഹനങ്ങളും സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് 4135 വാഹനങ്ങളും പരിശോധിച്ചു.
പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ള 5651 പ്രചാരണസാമഗ്രികളാണ് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീം, വീഡിയോ സര്‍വെയിലന്‍സ് ടീം, ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു വേണ്ടി അനധികൃത പണം, മദ്യം, തുടങ്ങിയവ കൊണ്ടു പോവുന്നതും സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നത് തടയുന്നതിനും കസ്റ്റഡിയില്‍ എടുക്കുന്നതിനും വേണ്ടിയാണ് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
അനധികൃത പണം, മദ്യം എന്നിവ തടയുന്നതിന് ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയാണ് സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡിന്റെ ദൗത്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളും ജാഥകളും നിരീക്ഷിക്കുന്നതിനും വീഡിയോയില്‍ പകര്‍ത്തുന്നതിനുമായി ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വീതം വീഡിയോ സര്‍വെയിലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു.
Next Story

RELATED STORIES

Share it