ernakulam local

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി



നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 37 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് അലി (45)കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കേക്ക് രൂപത്തിലുള്ള മിശ്രിതത്തില്‍ സ്വര്‍ണം പൊടിച്ച് ചേര്‍ത്താണ് കടത്താന്‍ ശ്രമിച്ചത്. എട്ട് മണിക്കൂറോളം ശ്രമിച്ചാണ് മിശ്രിതത്തില്‍ നിന്നും കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം വേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പത് മണിയോടെ നെടുമ്പാശേരിയിലെത്തിയ ഷാര്‍ജ  കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അലി. മൂന്ന് പ്ലാസ്റ്റിക്ക് കവറുകളിലാക്കി പാന്റിനോട് ചേര്‍ന്ന് അരയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇവ. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ഉണ്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ പ്രത്യേക രാസവസ്തുക്കളും മിശ്രിതത്തില്‍ ചേര്‍ത്തിരുന്നു. പുറത്തുനിന്നും സ്വര്‍ണപണിക്കാരെ കൂടി വിളിച്ചുവരുത്തി ഇവരുടെ സഹായത്തോടെ വൈകീട്ട് ആറ് മണിയോടെയാണ് സ്വര്‍ണം വേര്‍പ്പെടുത്തിയെടുത്തത്.പ്രതി ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണെങ്കിലും മാസത്തില്‍ ഒരു തവണ വീതം നാട്ടില്‍ വന്ന് പോയതായി വ്യക്തമായി. പ്രതിക്ക് സ്വര്‍ണം കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഷാര്‍ജ, ദുബയ്, കൊളംബോ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ മുഖേന സ്വര്‍ണം കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുമുണ്ട്. കസ്റ്റംസ് അഡീഷണല്‍ കമ്മീണര്‍ എസ് അനില്‍കുമാര്‍, അസി. കമ്മീഷണര്‍മാരായ ഇ വി ശിവരാമന്‍, റോയി വര്‍ഗീസ്, സൂപ്രണ്ടന്റുമാരായ എന്‍ ജി ജെയിസണ്‍, കെ പി അജിത് കുമാര്‍, കെ ജി ശ്രീകുമാര്‍, ജോസഫ് മാത്യു, ഇന്‍സ്‌പെക്ടര്‍മാരായ നിരജ്ഞന്‍കുമാര്‍ നിരാല, ദീപക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Next Story

RELATED STORIES

Share it