Flash News

അധ്യാപിക ഭിക്ഷ യാചിച്ച് വഴിയരികില്‍ ; ആശ്വാസമേകി സബ് കലക്ടര്‍



പൊന്നാനി: മലപ്പുറം ഇസ്‌ലാഹിയ പബ്ലിക് സ്‌കൂളിലെ കണക്ക് ടീച്ചറായിരുന്ന വല്‍സല  ഭിക്ഷ യാചിച്ച് തമ്പാനൂര്‍ റോഡരികില്‍; ഭക്ഷണം വാങ്ങിക്കൊടുത്ത യുവതി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ടീച്ചറെ തിരിച്ചറിഞ്ഞ് മലപ്പുറത്തെ വിദ്യാര്‍ഥികള്‍; ഒടുവില്‍ ടീച്ചര്‍ക്ക് ആശ്വാസമേകാന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും രംഗത്തെത്തി. ഭിക്ഷയാചിക്കുന്ന വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത വിദ്യ ഒരിക്കലും വിചാരിച്ചില്ല, വിശപ്പിനപ്പുറത്തേക്ക് അ വര്‍ക്ക് തണലൊരുക്കാനും തനിക്ക് സാധിക്കുമെന്ന്. സുഹൃത്തിനെ കാത്ത് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു എം ആര്‍ വിദ്യ. തന്റെ സമീപത്തെ ചെടിയില്‍ നിന്നും കായ പൊട്ടിച്ച് കഴിക്കുകയായിരുന്ന  വൃദ്ധ അവിചാരിതമായാണ്  കണ്ണില്‍പെട്ടത്. അവരുടെ വിശപ്പിന്റെ ആഴം മനസ്സിലാക്കിയ വിദ്യ ഭക്ഷണം വാങ്ങിച്ചു നല്‍കി. സൂക്ഷ്മതയോടെ അവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ സംസാരിച്ചപ്പോഴാണ് തന്റെ മുന്നിലിരിക്കുന്നത് ഒരു മുന്‍ അധ്യാപികയാണെന്ന് വിദ്യ മനസ്സിലാക്കിയത്.മലപ്പുറത്തെ ഇസ്്‌ലാഹിയ പബ്ലിക് സ്‌കൂളിലെ കണക്ക് ടീച്ചറായിരുന്നു വല്‍സല. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫിസില്‍ ഇട്ട ഇവര്‍ക്ക് 5000 രൂപ പെന്‍ഷനുമുണ്ട്. എന്നിട്ടും യാചകിയായി ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ റോഡരികില്‍ തുടരുകയാണ് വല്‍സ ടീച്ചര്‍.ഇവരുടെ ജീവിതം മനസ്സിലാക്കിയ വിദ്യ ഉടന്‍ തന്നെ അവരുടെ അനുവാദത്തോടെ ഒരു ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.  അവര്‍ യാത്ര പറഞ്ഞ് മറഞ്ഞതിനു പിന്നാലെ വിദ്യയെ തേടി കോളുകളുടെയും മെസേജുകളുടേയും ബഹളമായിരുന്നു. കുറഞ്ഞ സമയത്തിനകം തന്നെ വിദ്യയുടെ ഫേസ്ബുക്കിലെ ചിത്രത്തില്‍ നിന്നും ടീച്ചറെ തിരിച്ചറിഞ്ഞ് മുമ്പ് ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ഥികളും മലപ്പുറത്തുകാരും സഹായ വാഗ്ദാനവുമായി എത്തി. മലപ്പുറത്തു നിന്നു തിരുവനന്തപുരത്തേക്ക് ജോലി ഉപേക്ഷിച്ച് പോയ ടീച്ചറെ മാത്രമെ എല്ലാവര്‍ക്കും ഓര്‍മയുള്ളു. പിന്നീട് എന്താണ് ടീച്ചറുടെ ജീവിതം ദുരിതപൂര്‍ണമാക്കിയതെന്ന് ആര്‍ക്കുമറിയില്ല. ഞങ്ങളുടെ ടീച്ചറെ ഞങ്ങള്‍ നോക്കിക്കോളാം, ഇപ്പോള്‍ തന്നെ പുറപ്പെടുകയാണ് എന്നായിരുന്നു വിദ്യാര്‍ഥികളുടെ കമന്റ്. ഏതായാലും മലപ്പുറത്തു നിന്നും സഹായവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് തന്നെ, വിദ്യയുടെ പോസ്റ്റ് ശ്രദ്ധയില്‍പെട്ട തിരുവനന്തപുരം ജില്ലാ സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍ ടീച്ചറെ സഹായിക്കാനെത്തി. ഇപ്പോള്‍ ടീച്ചറെ കല്ലടിമുഖത്തുള്ള കോര്‍പറേഷന്‍ വക വൃദ്ധസദനത്തില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം അറിയിച്ചു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും വിദ്യ ഇട്ടിട്ടുണ്ട്. മലപ്പുറത്തുനിന്നും ടീച്ചറെ തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ ദിവ്യയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇന്നലെ ദിവ്യ വീണ്ടും ടീച്ചറെ കാണാനായി പോയിരുന്നു. എന്നാല്‍, ദിവ്യയുടെ കൂടെ പോകാനും മലപ്പുറത്തു നിന്നു വരുന്ന വിദ്യാര്‍ഥികളെ കാണാനും ടീച്ചര്‍ വിസമ്മതിച്ചു.
Next Story

RELATED STORIES

Share it