kasaragod local

അധ്യാപികയുടെ കൊലപ്രതികള്‍ സഞ്ചരിച്ചതെന്നു സംശയിക്കുന്ന കാറിന്റെ ദൃശ്യം സിസിടിവിയില്‍

ചീമേനി: പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ചത് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ബൊലേറോയിലായിരുന്നുവെന്ന് സൂചന. പ്രദേശത്തെ ഒരു സിസിടിവിയില്‍ സംശയിക്കുന്ന വാഹനത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. പുറത്തുനിന്ന് കോളിങ് ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നു. തുടര്‍ന്നു സംഘം അകത്തേക്ക് ഇരച്ചുകടക്കുകയായിരുന്നു. പിന്നീട് ജാനകിയുടെ വായയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം സോഫയില്‍ ഇരുത്തി കെട്ടിയിടുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന അഞ്ച് പവന്റെ മാലയും അലമാരയില്‍ നിന്ന് അരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചു. ബഹളം കേട്ട് ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണന്‍ എത്തിയപ്പോഴേക്കും ഇദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ടീച്ചറുടെ കഴുത്തറുത്ത് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തില്‍ രണ്ടു പേര്‍ ഹിന്ദിയും ഒരാള്‍ മലയാളവും സംസാരിച്ചതായി കൃഷ്ണന്‍മാസ്റ്റര്‍ പോലിസിന് മൊഴിനല്‍കിയിരുന്നു. അമിത വേഗതയിലും അപകടകരമായ രീതിയിലും രാത്രി 11ഓടെ മഹാരാഷ്ട രജിസ്‌ട്രേഷനിലുള്ള ബൊലേറോ ജീപ്പ് കാഞ്ഞങ്ങാട് ചീറിപ്പായുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. സംശയം തോന്നി ചിലര്‍ കാഞ്ഞങ്ങാട് സൗത്തില്‍ വച്ച് വാഹനം തടഞ്ഞുവെക്കുകയും അതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹിന്ദിയാണ് ഇവര്‍ സംസാരിച്ചതെന്നും സൂചനയുണ്ട്. ഭയപ്പാടോടെയാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ ഈ സമയം ചീമേനിയില്‍ കൊല നടന്ന കാര്യം അറിഞ്ഞിരുന്നില്ല. വാഹനം ഓടിച്ചയാളുടെ ലൈസന്‍സിന്റെ ഫോട്ടോ കോപ്പി വാങ്ങിവച്ചാണ് നാട്ടുകാര്‍ വിട്ടയച്ചത്. പിറ്റേദിവസം രാവിലെ കൊലപാതക വിവരം അറിഞ്ഞതോടെയാണ് നാട്ടുകാര്‍ പിടികൂടിയ വാഹനത്തില്‍ സഞ്ചരിച്ചത് കൊലയാളികാമെന്ന സംശയം ബലപ്പെട്ടത്. പ്രതിയുടെ ലൈസന്‍സിന്റെ കോപ്പി പോലിസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ ഏകദേശരൂപവും വിശദീകരിച്ചിട്ടുണ്ട്.  മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന്‍മാസ്റ്റര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തില്‍ നിന്ന് ഇന്നു പോലിസ് മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച ചെറുവത്തൂരിലെ ബാങ്കില്‍ നിന്ന് കൃഷ്ണന്‍മാസ്റ്റര്‍ പണം പിന്‍വലിച്ചിരുന്നു. അക്രമി സംഘത്തില്‍ ആരെങ്കിലും ഇതു ശ്രദ്ധയില്‍പ്പെട്ടിരിക്കാമെന്നും പോലിസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ടീച്ചറുടെ വീട്ടില്‍ നിന്ന് ലഭിച്ച ഒമ്പത് വിരലടയാളങ്ങള്‍ അന്വേഷണത്തിന് കൂടുതല്‍ ബലം നല്‍കുന്നു.  അപരിചിതമായ വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഘാതകര്‍ സഞ്ചരിച്ച വാഹനമാണിതെന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it