kozhikode local

അധ്യാപനത്തിന് പുത്തന്‍ മാതൃക; വിഭവവണ്ടിയുമായി മജീദ് മാസ്റ്റര്‍ സ്‌കൂളിലെത്തി

മുക്കം: അധ്യാപകനെന്ന് കേള്‍ക്കുമ്പോള്‍ കൈപുസ്തകവും പുഞ്ചിരിയും ചിലപ്പോള്‍ കണ്ണുരുട്ടലും ചൂരലുമൊക്കെയായി കടന്നു വരുന്ന ആള്‍രൂപമാണ് മനസ്സിലേക്കോടിയെത്തുക. തീര്‍ത്തും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ഈ സ്‌കൂളില്‍ ഇന്ന് അക്ഷര മധുരം നുകരാനെത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമാവശ്യമായ ബേഗ്, കുട, നോട്ടു പുസ്തകങ്ങള്‍, സോപ്പ്, എന്നിവക്ക് പുറമെ സ്‌കൂള്‍ ഹരിതാഭമാക്കുന്നതിനായി ഫല വൃക്ഷ തൈകളും ഔഷധസസ്യങ്ങളും മാത്രമല്ല ഉച്ചഭക്ഷണവിഭവങ്ങള്‍ ഒരുക്കുന്നതിനായി ചക്കയും നാളികേരവുമെല്ലാം ഈ അധ്യാപകനാണ് എത്തിച്ചുനല്‍കിയത്.
കക്കോടി  ഗവ.യുപി സ്‌കൂള്‍ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് പുളിക്കലും കുടുംബവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുന്നത്. 8 മാസം മുമ്പ് കക്കോടി സ്‌കൂളില്‍ അധ്യാപകനായി എത്തിയത് മുതല്‍ സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷമിട്ട് വിവിധങ്ങളായ പ്രവര്‍ത്തനമാണ് ഇദ്ദേഹംനടത്തി കൊണ്ടിരിക്കുന്നത്. നാട്ടുകൈ നീട്ടമെന്ന് പേരിട്ട വിഭവ വണ്ടി മജീദ് മാസ്റ്ററുടെ പന്നിക്കോട്ടെ വീട്ടില്‍ നിന്നുമാണ് സ്‌കൂളിലേക്ക് പുറപ്പെട്ടത്. വിഭവ വണ്ടി ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസ് വി വസിഫ് എന്നിവര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കെ പി യു അലി അധ്യക്ഷത വഹിച്ചു.
ഭാര്യ കുറ്റിച്ചിറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക സഫൂറ, മാതാവ് കദീസുമ്മ, മക്കള്‍ ഹംന മനാല്‍, അമല്‍ ഹനൂന്‍എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നു വരുന്നത്. വിഭവ വണ്ടിയിലേക്കാവശ്യമായ ചക്കയും നാളികേരവും സംഭാവന ചെയ്തതും മജീദ് പുളിക്കലിന്റെ മാതാവാണ്. 2 ആഴ്ച മുമ്പ് ഒരു അറബി പ്രവേശനോത്സവഗാനം നിര്‍മിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പുതിയ മാനം നല്‍കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ 2വര്‍ഷമായി പന്നിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയുടെ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുവരുന്നത്. കക്കോടി സ്‌കൂളിലും വിഭവ വണ്ടിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ യോഗം സി ഫസല്‍ ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി ഷാജി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it