അധ്യാപക നിയമനം; പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണം: ആസൂത്രണ ബോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകനിയമനത്തിനു പുതിയ നിര്‍ദേശങ്ങളുമായി ആസൂത്രണബോര്‍ഡ്. അധ്യാപകനിയമനത്തിനു പുതിയ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നതാണു ശുപാര്‍ശയില്‍ പ്രധാനം. എയ്ഡഡ് അധ്യാപകരുടെ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിക്കണമെന്നും എല്ലാ അധ്യാപകര്‍ക്കും യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഹെഡ്മാസ്റ്റര്‍മാരുടെ നിയമനവും പുതുതായി രൂപീകരിക്കുന്ന ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് നടത്തേണ്ടത്. സീനിയോറിറ്റിയാവരുത് മാനദണ്ഡം. അധ്യാപകരുടെ പ്രകടനംകൂടി കണക്കാക്കിയാവണം പ്രമോഷന്‍ നല്‍കേണ്ടത്.
എല്ലാ അധ്യാപകര്‍ക്കും ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധമാക്കണം. എല്‍പി, യുപി അധ്യാപകരാവാന്‍ ബിരുദം നേടണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എയ്ഡഡ് അധ്യാപകരുടെ അനുമതി റദ്ദാക്കണം. കുട്ടികളുടെ മധ്യവേനലവധി 45 ദിവസവും അധ്യാപകരുടെ അവധി 30 ദിവസവുമാക്കണമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അധ്യാപകനിയമനം നിയന്ത്രിക്കണമെന്നു കാണിച്ചു വിവിധ വിദഗ്ധസമിതികള്‍ നേരത്തെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കാന്‍ ഒരു സര്‍ക്കാരും ധൈര്യം കാട്ടിയില്ല. ഇതിനിടയിലാണ് ആസൂത്രണവകുപ്പിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് പുറത്തുവരുന്നത്.
ഇപ്പോള്‍ 10ാം ശമ്പള കമ്മീഷനും അധ്യാപകരുടെ രാഷ്ട്രീയപ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിയമനം നടത്തുന്നതിനുമുള്ള പുതിയ നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it