Idukki local

അധ്യാപകര്‍ മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കാവലാളാവണം: കെഎസ്ടിഎ

തൊടുപുഴ: മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കാവലാളാവാന്‍ അധ്യാപകസമൂഹം തയാറാകണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവോത്ഥാനകാലഘട്ടം മുതല്‍ വേറിട്ട ചിന്ത വളര്‍ത്തിക്കൊണ്ടുവന്ന പ്രദേശമായിരുന്നു കേരളം. ജാതീയതയ്ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും കേരളത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സാര്‍വത്രികവും മതനിരപേക്ഷവുമായ ഇവിടത്തെ വിദ്യാഭ്യാസ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ഇടപെടല്‍ നടത്താനും പൊതുവിദ്യാഭ്യാസ സംരക്ഷണയജഞത്തില്‍ പങ്കാളികളാകാനും സമ്മേളനം അധ്യാപകരോട് ആഹ്വാനം ചെയ്തു. ജില്ലയിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഇടുക്കി ഡയറ്റില്‍ മതിയായ അധ്യാപകരെ നിയമിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, പാര്‍ട് ടൈം അധ്യാപകര്‍ക്ക് പി എഫ് അനുവദിക്കുക, എല്‍പി വിഭാഗമുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും  പ്രീ പ്രൈമറി ആരംഭിക്കുക, നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ന്യായമായ ഹോണറേറിയം ലഭ്യമാക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി വ്യാപിപ്പിക്കുക, കുമളി, മൂന്നാര്‍ ടിടിഐ കളില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളന പ്രതിനിധികളില്‍ നിന്നും ശേഖരിച്ച ഓഖി ദുരിതാശ്വാസഫണ്ട് കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ജില്ലാ സെക്രട്ടറി എ എം ഷാജഹാനില്‍ നിന്നും ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി പി വേണുഗോപാല്‍, പി കെ സുധാകരന്‍, എം എം സീനത്ത് ബീ—വി, സി യേശുദാസ് സംസാരിച്ചു. സംഘടനാറിപ്പോര്‍ട്ട്,— പ്രവര്‍ത്തനറിപ്പോര്‍ട്ട്, വരവുചെലവു കണക്ക് എന്നിവയെ അധികരിച്ച് വിവിധ സബ്ജില്ലകളെ പ്രതിനിധീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് എം സി പ്രസാദ്, എ എം ഷാജഹാന്‍, എം രമേഷ് എന്നിവര്‍ മറുപടി നല്‍കി.
Next Story

RELATED STORIES

Share it