kozhikode local

അധ്യാപകരെ മൂല്യനിര്‍ണയത്തിനയച്ചില്ല; യൂനിവേഴ്‌സിറ്റി ഫലം തടഞ്ഞുവച്ചു

നാദാപുരം: താല്‍ക്കാലിക അധ്യാപകരെ നിയമിച്ച് ക്ലാസ് നടത്തുന്ന സര്‍ക്കാര്‍ കോളജില്‍ നിന്നും അധ്യാപകരെ മൂല്യനിര്‍ണയത്തിനയച്ചില്ലെന്ന കാരണം പറഞ്ഞ് യൂനിവേഴ്‌സിറ്റി ഫലം തടഞ്ഞുവെച്ചു. പിന്നീട് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഫലം പ്രസിദ്ധീകരിച്ചു.
പുതുതായി ആരംഭിച്ച നാദാപുരം ഗവ. കോളജിലെ ആറാം  സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തടഞ്ഞുവെച്ചത്. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ എല്ലാ കോളജ് അധ്യാപകരും നിര്‍ബന്ധമായും അധ്യാപകരെ അയക്കണമെന്ന് യൂനിവേഴ്‌സിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നിരവധി അണ്‍ എയിഡഡ് കോളജുകള്‍ അധ്യാപകരെ പേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിന് അയച്ചിരുന്നില്ല. നാദാപുരം ഗവ. കോളജിലെ ആകെയുള്ള രണ്ട് സ്ഥിരം അധ്യാപകര്‍ രണ്ടാഴ്ചക്കാലം മൂല്യനിര്‍ണ്ണയ ക്യാംപില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഫിസിക്‌സ്, എകണോമിക്‌സ് ഇംഗ്ലീഷ്, ബികോം,സൈക്കോളജി എന്നീ അഞ്ച് ഡിപ്പാര്‍ട്ടുമെന്റുകളുടെ നടത്തിപ്പിനാണ് പ്രിന്‍സിപ്പലും രണ്ട് സ്ഥിരാധ്യാപകരുമുള്ളത്. ദിവസ വേതനക്കാരായ ബാക്കി മുഴുവന്‍ അധ്യാപകരെയും മാര്‍ച്ച് മാസത്തോടെ പിരിച്ചുവിടുകയും ചെയ്തു. ഇക്കാര്യം യൂനിവേഴ്‌സിറ്റിക്കറിയാമായിട്ടും മറ്റ് അണ്‍ എയിഡഡ് കോളജുകളോടൊപ്പം നാദാപുരം സര്‍ക്കാര്‍ കോളജിന്റെയും ഫലം തടഞ്ഞുവെച്ചത്. അധ്യാപകരില്ലാത്ത സര്‍ക്കാര്‍ കോളജിന്റെ ഫലം തടഞ്ഞുവെച്ചതില്‍ വിവിധ ഭാഗങ്ങളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെ വൈകുന്നേരത്തോടെ നാദാപുരം കോളജിന്റെ ഫലം പ്രസിദ്ധീകരിച്ചു.
Next Story

RELATED STORIES

Share it