Flash News

അധ്യാപകരുടെ ഓണറേറിയം വിതരണം ചെയ്യാന്‍ നടപടി

നിഷാദ് എം ബഷീര്‍

കോട്ടയം: സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ ഭാഗമായി ക്ലാസെടുത്ത നൂറുകണക്കിന് അധ്യാപകര്‍ക്ക് മുടങ്ങിക്കിടന്ന ഓണറേറിയം വിതരണം ചെയ്യാന്‍ നടപടിയായി. തുല്യതാ കോഴ്‌സ് പൂര്‍ത്തിയായി എട്ടുമാസത്തിനുശേഷമാണ് ഓണറേറിയം വിതരണം ചെയ്യുന്നത്.
373 കേന്ദ്രങ്ങളിലായി ക്ലാസെടുത്ത 1,922 അധ്യാപകര്‍ക്കാണ് ഓണറേറിയം ലഭിക്കുന്നത്. കോഴ്‌സ് കഴിഞ്ഞ് മാസങ്ങളായിട്ടും പഠിപ്പിച്ച അധ്യാപകര്‍ക്ക് ഓണറേറിയം ലഭിച്ചില്ലെന്ന് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുശേഷമാണ് സാക്ഷരതാമിഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ജില്ലാതലങ്ങളില്‍ ഓണറേറിയം വിതരണം ആരംഭിച്ചത്. ഓണറേറിയം ലഭിക്കുന്നതിനായി അധ്യാപകര്‍ മാസങ്ങളോളം സാക്ഷരതാമിഷന്‍ ഓഫിസുകള്‍ കയറിയിറങ്ങുകയും നിരവധി പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. ഓണറേറിയം മുടങ്ങിയതില്‍ സാക്ഷരതാമിഷന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായതായി ആരോപണവുമുയര്‍ന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ഓണറേറിയം തുക ചെക്കായി സാക്ഷരതാമിഷന്‍ ജില്ലാ ഓഫിസുകളിലേക്ക് അയച്ചുകൊടുത്തെന്നായിരുന്നു തിരുവനന്തപുരത്തെ ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച വിവരം. എന്നാല്‍, അതത് ജില്ലാ ഓഫിസുകളില്‍ അധ്യാപകര്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും പണം വന്നിട്ടില്ലെന്ന മറുപടിയാണു ലഭിച്ചത്.
അവസാനം ചെക്ക് ലഭിച്ചതായി സാക്ഷരതാമിഷന്‍ ഓഫിസില്‍നിന്ന് സ്ഥിരീകരണമുണ്ടായി. ഇതിനുശേഷം പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന്റെ പേരിലായിരുന്നു അനിശ്ചിതത്വം. തുല്യതാ കോഴ്‌സില്‍ ക്ലാസെടുക്കുന്ന അധ്യാപകരില്‍നിന്ന് സാക്ഷരതാമിഷന്‍ അധികൃതര്‍ നേരത്തേ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍, പലരുടെയും ഐഎഫ്എസ്ഇ കോഡുകള്‍ തെറ്റാണെന്ന സാങ്കേതികപ്രശ്‌നമുയര്‍ത്തി ഓണറേറിയം വീണ്ടും വൈകിപ്പിച്ചു. പിന്നീട് അധ്യാപകരുമായി ബന്ധപ്പെട്ട് പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചാണ് ഓണറേറിയം വിതരണം തുടങ്ങിയത്.
2015 ജൂണിലാണ് സംസ്ഥാനത്ത് സാക്ഷരതാമിഷന്റെ കീഴി ല്‍ പ്ലസ്ടു തുല്യതാ കോഴ്‌സ് ആരംഭിക്കുന്നത്. 2017 സപ്തംബറില്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ പരീക്ഷയും ഡിസംബറില്‍ ഫലവും പ്രസിദ്ധീകരിച്ചു. എന്നാല്‍, ജോലിചെയ്ത പണം മാത്രം അധ്യാപകര്‍ക്ക് നിഷേധിക്കപ്പെട്ടു. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ് തുല്യതാ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ അക്കാദമിക് വര്‍ഷത്തി ല്‍ ഒരുവിഷയത്തിന് 30 മണിക്കൂര്‍ ക്ലാസെടുക്കണമെന്നായിരുന്നു നിബന്ധന. മണിക്കൂറിന് 200 രൂപയാണ് ഓണറേറിയമായി നിശ്ചയിച്ചിരുന്നത്.
Next Story

RELATED STORIES

Share it