അധ്യാപകരില്ല; ഭിന്നശേഷിക്കാരുടെ പഠനം വഴിമുട്ടുന്നു

എം എം അന്‍സാര്‍

കഴക്കൂട്ടം: വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം കേരളത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം മുടങ്ങി. അധ്യയനവര്‍ഷം തുടങ്ങിയിട്ടും മിക്ക സ്‌കൂളുകളിലും ക്ലാസെടുക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയാണ്.
കേന്ദ്രാവിഷ്‌കൃതമായ ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അറ്റ് സെക്കന്‍ഡറി സ്‌റ്റേജ് എന്ന പദ്ധതിയില്‍പ്പെടുത്തി 9 മുതല്‍ 12 വരെ ക്ലാസുകളിലായി 717 റിസോഴ്‌സ് അധ്യാപകരെയാണുള്ളത്. ഇവരെയെല്ലാം 16 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം ഇവര്‍ക്ക് പുതുക്കി നിയമനം നല്‍കുകയാണ് പതിവ്. മാര്‍ച്ച് 31ന് കരാര്‍ കാലയളവ് തീരുന്ന മുറയ്ക്ക് തൊട്ടടുത്ത മാസം പുതിയ നിയമനം കൊടുക്കും. 1 മുതല്‍ 8വരെ ക്ലാസുകളിലേക്കുള്ള അധ്യാപകര്‍ സര്‍വശിക്ഷാ അഭിയാനു കീഴിലാണ് വരുന്നത്. ഇവര്‍ക്ക് ഇതിനകം നിയമനം ലഭിച്ചുകഴിഞ്ഞു. ഇതേസമയം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ അധ്യാപകരില്ലാതെ പഠനം മുടങ്ങിയ അവസ്ഥയിലാണ്.
പുതിയ അധ്യയനവര്‍ഷം അധ്യാപകര്‍ക്കു പുനര്‍നിര്‍ണയം നല്‍കുന്നതിനുള്ള ഫയല്‍ വളരെ വൈകിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനാല്‍ പുനര്‍നിര്‍ണയം തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതില്‍ പിന്നെ അടിയന്തര പ്രാധാന്യത്തോടെ ഇതു സംബന്ധിച്ച നിയമന ഉത്തരവില്‍ വിദ്യാഭ്യാസ മന്ത്രി ഈമാസം 7ന് ഒപ്പിട്ടു. 8ന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഫയല്‍ ഡിപിഐയിലേക്ക് അയച്ചു. മന്ത്രി ഓഫിസില്‍ നിന്ന് അടിയന്തര പ്രാധാന്യത്തോടെ എത്തിയ ഫയലില്‍ ഡിപിഐയിലെ ഉദ്യോഗസ്ഥര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുകയാണ്.
ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഫയലില്‍ ഒപ്പിടാമെന്നിരിക്കെ, ഡിപിഐ സ്ഥലത്തില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ഫയല്‍ ഒപ്പിടാതെ വൈകിച്ചതോടെ പാഠപുസ്തകം തയ്യാറാക്കല്‍, പഠന ബോധന അനുരൂപീകരണ പരിശീലനം, അധ്യാപക പരിശീലനം, ഭിന്നശേഷിയുള്ള കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശനം എന്നിവയെല്ലാം മുടങ്ങി. ഇക്കുറി അവധിക്കാല പരിശീലനവും അവതാളത്തിലായിരുന്നു. കുട്ടികളുടെ പഠനം മുടങ്ങിയതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. പലരും സ്‌കൂളുകളിലെത്തി പ്രതിഷേധിക്കുന്നുമുണ്ട്.
അധ്യാപന നിയമനത്തിലുള്ള കാലതാമസം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലും ഭാവിയില്‍ കുറവുവരുത്താന്‍ ഇടയാക്കും. പദ്ധതിയില്‍ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഇക്കുറി അധ്യാപക നിയമനം വൈകിയതു നിമിത്തം അധ്യാപകരുടെ ശമ്പളം ഇനത്തില്‍ 5 കോടിയോളം രൂപ ചെലവാകാതെ വന്നിട്ടുണ്ട്. ഈ തുക കേന്ദ്രത്തിന് തിരിച്ചടയ്‌ക്കേണ്ടിവരും. കേരളം തുക ചെലവിടാതെ തിരിച്ചടച്ചാല്‍ അടുത്ത വര്‍ഷം ഈ തുക കുറച്ചായിരിക്കും കേന്ദ്ര സഹായം ലഭിക്കുക.
Next Story

RELATED STORIES

Share it