Flash News

അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ് : വിചാരണ തീരാന്‍ എത്ര നാളുകള്‍ വേണമെന്ന് ഹൈക്കോടതി



കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ എത്ര നാളുകള്‍കൊണ്ട് തീര്‍ക്കാനാവുമെന്നു വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിക്കു നിര്‍ദേശം നല്‍കി. കേസില്‍ വിചാരണത്തടവുകാരായി കഴിയുന്ന അസീസ് ഓടക്കാലി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശം. കേസിലെ പ്രതികളായ സജില്‍, എം കെ നാസര്‍, അസീസ് ഓടക്കാലി, നജീബ് എന്നിവര്‍ ഇപ്പോഴും വിചാരണത്തടവുകാരായി ജയിലില്‍ കഴിയുകയാണ്. വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ പ്രത്യേക കോടതി തള്ളിയതിനെ തുടര്‍ന്നാണ് അസീസ് ഓടക്കാലി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ കേസിലെ ആറുപേര്‍ക്കെതിരേ വിചാരണക്കോടതി മുമ്പാകെ എന്‍ഐഎ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. ആലുവ തോട്ടക്കാട്ടുകര സ്വദേശി മുഹമ്മദ് റാഫി, വെളിയത്തുനാട് കരിമ്പനയ്ക്കല്‍ ടി പി സുബൈര്‍, കുഞ്ഞുണ്ണിക്കര മണ്ണാര്‍ക്കാട്ട് വീട്ടില്‍ എം കെ നൗഷാദ്, കുന്നത്തേരി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മന്‍സൂര്‍, കടുങ്ങല്ലൂര്‍ പാളിയത്ത് വീട്ടില്‍ മൊയ്തീന്‍കുഞ്ഞ്, തായിക്കാട്ടുകര പനിക്കാട്ട് വീട്ടില്‍ ടി എം അയ്യൂബ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. വധശ്രമം, അന്യായമായി തടഞ്ഞുവയ്ക്കുക, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പിക്കുക, തെളിവ് നശിപ്പിക്കുക, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കല്‍, ഗൂഢാലോചന, യുഎപിഎ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിനെ ആക്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരേയുള്ള പ്രധാന ആരോപണം. കേസിലെ ആദ്യ 31 പ്രതികള്‍ക്കെതിരേയുള്ള വിചാരണ എന്‍ഐഎ കോടതി പൂര്‍ത്തീകരിച്ചിരുന്നു. ആദ്യവിചാരണയില്‍ 13 പ്രതികളെ ശിക്ഷിക്കുകയും 18 പേരെ വെറുതെവിടുകയും ചെയ്തു. തുടര്‍ന്നാണ് ആദ്യകുറ്റപത്രത്തോടൊപ്പം കുറ്റം ചുമത്താതിരുന്നവര്‍ക്കെതിരേയുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വിചാരണാ നടപടികള്‍ക്കായി കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it