kozhikode local

അധ്യാപകദിനത്തില്‍ ഫാറൂഖ് കോളജിന് അക്ഷരമധുരം നല്‍കി ഡോ. കെ എം മുഹമ്മദ്

ഫറോക്ക്: അധ്യാപക ദിനത്തോടനുബന്ധിച്ച് ഫാറൂഖ് കോളജ് അറബിവിഭാഗത്തിലെപൂര്‍വ്വവിദ്യാര്‍ത്ഥിയും പൂര്‍വ്വ അധ്യാപകനും കോഴിക്കോട് സര്‍വ്വകലാശാല അറബി വിഭാഗം മുന്‍ മേധാവിയുമായ ഡോ. കെ എം മുഹമ്മദ്— തന്റെ മാതൃസ്ഥാപനത്തിന് സമ്മാനിച്ചത് അക്ഷര സമ്പാദ്യത്തിന്റെ മികച്ചശേഖരം. അറബി ഭാഷ, സാഹിത്യം, ചരിത്രം, സംസ്‌ക്കാരം, നാഗരികത, മാനവികത തുടങ്ങി തലങ്ങളിലുള്ള ഗ്രന്ഥങ്ങള്‍, മാഗസിനുകള്‍, റിസര്‍ച്ച് ജേര്‍ണലുകള്‍ അടങ്ങുന്ന തന്റെ വൈജ്ഞാനിക സമ്പത്തിലെ മികച്ച പുസ്തകങ്ങള്‍ അദ്ദേഹം ഫാറൂഖ് കോളജിന് കൈമാറി. വെളിയംകോട് ഖാദിയാറാകത്ത് മാനാത്തുപറമ്പില്‍ മുഹമ്മദ് പ്രാഥമിക, സ്‌കൂള്‍ വിദ്യാഭ്യാസം സ്വദേശത്ത് നേടിയതിന് ശേഷം 1962 ല്‍ ഫാറൂഖ് കോളജില്‍ ചേര്‍ന്നു. 1963- 1966 കാലയളവില്‍ അറബി ഭാഷയില്‍ ബിരുദത്തിന് തെരഞ്ഞെടുത്തതും ഫാറൂഖ് കോളജ് തന്നെയായിരുന്നു. അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ 1968ല്‍ എം എ അറബിക് പൂര്‍ത്തിയാക്കിയ അദ്ദേഹം അതേവര്‍ഷം തന്നെ ഫാറൂഖ് കോളജില്‍ അധ്യാപകനായി നിയമിതനായി. 1970 ല്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് മാറിയ അദ്ദേഹം ചിറ്റൂര്‍ കോളജ്, കോഴിക്കോട് മീഞ്ചന്ത കോളജ്, ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1976 ല്‍ അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് “അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന” എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടി. 1978ല്‍ കോഴിക്കോട് സര്‍വ്വകലാശാല അറബി വിഭാഗത്തില്‍ അധ്യാപകനായി നിയമിതനായി. 1987 ല്‍ റിയാദ് കിംഗ്‌സുഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനറബികള്‍ക്കുള്ള അറബി പാഠ്യരീതിയില്‍ കോഴ്‌സും (പോസ്റ്റ് ഡോക്ടറല്‍ സ്റ്റഡീസ്) പൂര്‍ത്തീകരിച്ചു. 1990 ല്‍ അറബി വിഭാഗത്തില്‍ പ്രഫസറായ അദ്ദേഹം 1997-1999 കാലയളവില്‍ ആസാം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാല സ്റ്റാഫ് അക്കാദമിക് കോളജില്‍ അധ്യാപകനായും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനഗവേഷണതല്‍പരനായ അദ്ദേഹം ഫാറുഖ് അറബി ഗവേഷണം കഴിഞ്ഞ വര്‍ഷം നടത്തിയ അന്തര്‍ദേശീയ സെമിനാറില്‍ പ്രബന്ധ അവതാരകനും ഫാറുഖ് അറബി ഗവേഷണം ഈ വര്‍ഷം നടത്തിയ അന്തര്‍ദേശീയ സെമിനാറില്‍ പ്രഭാഷകനുമായിരുന്നു. ഫാറൂഖ് കോളജ് ലൈബ്രറി സയന്‍സ് മുന്‍ മേധാവി ഡോ. ടി പി ഒ നാസിറുദ്ധീന്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. അറബി ഗവേഷണ വകുപ്പ് മേധാവ് ഡോ. അലി നൗഫല്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it