wayanad local

അധ്യയനവര്‍ഷം സജീവമാക്കാന്‍ പദ്ധതികളുമായി എസ്എസ്എ

കല്‍പ്പറ്റ: ജില്ലയിലെ ആറിനും 14നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷം നിലനിര്‍ത്താനുമുള്ള നിരവധി പരിപാടികളുമായി സര്‍വശിക്ഷാ അഭിയാന്‍. കുട്ടികള്‍ക്കു മികച്ച പഠനാനുഭവങ്ങള്‍ നല്‍കുന്നതിന്റെ സൂക്ഷ്മതല ആസൂത്രണത്തിലൂന്നിയ അവധിക്കാല അധ്യാപക പരിശീലനത്തില്‍ രണ്ടുഘട്ടങ്ങളിലായി 84 ശതമാനം അധ്യാപകര്‍ പങ്കെടുത്തു. ഇപ്പോള്‍ നടക്കുന്ന അവസാനഘട്ട പരിശീലന പരിപാടി പൂര്‍ത്തിയാവുമ്പോള്‍ മുഴുവന്‍ അധ്യാപകരും പരിശീലനം നേടിയിരിക്കും.
മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളുടെയും അവധിക്കാല അധ്യാപക പരിശീലനത്തിന്റെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനു വേണ്ടി 30ന് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന 'സമന്വയം' വിദ്യാഭ്യാസ ശില്‍പശാലയ്ക്ക് പഞ്ചായത്തു വിദ്യാഭ്യാസ സമിതി നേതൃത്വം നല്‍കും. പഞ്ചായത്തിലെ തിരഞ്ഞെടുത്ത കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ നടത്തുന്ന 'സമന്വയം' ശില്‍പശാലയില്‍ മുഴുവന്‍ പ്രൈമറി അധ്യാപകരും പ്രധാനാധ്യാപകരും പഞ്ചായത്ത് അംഗങ്ങളും വിദ്യാഭ്യാസ സമിതി അംഗങ്ങളും പങ്കെടുക്കും. ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നേടിയ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്ന ശില്‍പശാലയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ പൊതു വിദ്യാഭ്യാസ പ്രൊജക്റ്റുകള്‍ അവതരിപ്പിക്കും.
'സമന്വയം' ശില്‍പശാലയില്‍ രൂപപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ 31ന് വിദ്യാലയാടിസ്ഥാനത്തില്‍ നടത്തുന്ന ഏകദിന ശില്‍പശാലയാണ് 'ഒരുക്കം'. ഇതില്‍ പ്രൈമറി അധ്യാപകരോടൊപ്പം പിടിഎ, എസ്എംസി, എസ്എസ്ജി അംഗങ്ങളും പങ്കെടുക്കും. സ്‌കൂള്‍ വികസന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലായി വിദ്യാലയത്തില്‍ നടപ്പാക്കേണ്ട പരിപാടികളുടെ വിശദാംശങ്ങള്‍ ഈ ശില്‍പശാലയില്‍ തയ്യാറാക്കും. 'ഒരുക്കം' ശില്‍പശാലയ്ക്ക് പ്രധാനാധ്യാപകരും എസ്ആര്‍ജി കണ്‍വീനറുമാണ് നേതൃത്വം നല്‍കുക.
ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാലയ പ്രവേശനം, പഠനം, പിന്തുണ എന്നിവയ്ക്കായി രൂപീകരിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്ര പരിപാടിയാണ് 'ഗോത്രവിദ്യ'. മുഴുവന്‍ പഞ്ചായത്തുകളിലും നടത്തുന്ന വിദ്യാലയ പ്രവേശന കാംപയിനാണ് ആദ്യ പരിപാടി. സംഘാടനത്തിനായി എല്ലാ ഗ്രാമപ്പഞ്ചായത്തിലും 28ന് ആസൂത്രണ-അവലോകന യോഗം ചേരും. ഈ യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സംവിധാനങ്ങളെയും വ്യക്തികളെയും പ്രയോജനപ്പെടുത്തി വോളന്റിയര്‍ ഗ്രൂപ്പ് രൂപീകരിക്കും. അധ്യാപകര്‍, വിരമിച്ചവര്‍ ചെയ്തവര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍, കുടംബശ്രീ, അയല്‍സഭ, എന്‍എസ്എസ്, ആശാവര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് മൂന്നു ദിവസത്തെ ജനകീയ കാംപയിന്‍ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രസിഡന്റുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് വിദ്യാലയ പ്രവേശന കാംപയിന്‍ വിജയിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തിയിട്ടുണ്ട്.
വിദ്യാലയത്തിന്റെ പരിധിയിലോ ഗ്രാമപ്പഞ്ചായത്ത് പരിധിയിലോ വിദ്യാലയ പ്രവേശനം നേടാത്തവരായി ആരുമില്ലെന്ന പ്രഖ്യാപനം ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവത്തില്‍ നടത്തും. ജില്ലാ- ബ്ലോക്ക്-പഞ്ചായത്ത്- വിദ്യാലയ തലത്തില്‍ പ്രവേശനോല്‍സവം സംഘടിപ്പിക്കും. ജില്ലാതല പ്രവേശനോല്‍സവം ജില്ലയിലെ ജനപ്രതിനിധികളുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മാതമംഗലം ഗവ. ഹൈസ്‌കൂളിലും ബ്ലോക്കുതല പ്രവേശനോല്‍സവം ബ്ലോക്കു പഞ്ചായത്തിന്റെ നേതൃത്വത്തിലും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രവേശനോല്‍സവം അതാതു തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുമായിരിക്കും നടത്തുക.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-വര്‍ഗ കുട്ടികള്‍ക്കും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും യൂനിഫോം വാങ്ങുന്നതിനായി ഒരു കുട്ടിക്ക് 400 രൂപ വീതം ഗവ. വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് മുതല്‍ എട്ടാംതരം വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എ ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. ടി കെ അബാസലി, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ കെ എം മൊയ്തീന്‍കുഞ്ഞി, എം ഒ സജി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it