thiruvananthapuram local

അധ്യക്ഷ പദവികള്‍ക്കുള്ള അന്തിമവട്ട ചര്‍ച്ച പുരോഗമിക്കുന്നു

വര്‍ക്കല: വര്‍ക്കലയിലെ ത്രിതല ഗ്രാമപ്പഞ്ചായത്തുകളിലെ അധ്യക്ഷ പദ്ധതികള്‍ക്കുള്ള അന്തിമഘട്ട ചര്‍ച്ച പുരോഗമിക്കുന്നു.
പലയിടങ്ങളിലും ഏകദേശ ധാരണയായെങ്കിലും പേരുകള്‍ ഇനിയും പാര്‍ട്ടികള്‍ വെളിപ്പെടുത്തിയിട്ടില്ല.വര്‍ക്കല നഗരസഭയില്‍ വനിതയാണ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുക. ഇക്കുറി സിപിഎമ്മിനാണ് അധ്യക്ഷ സ്ഥാനത്തിന് അവകാശം. ബിന്ദു ഹരിദാസ്, ഗീതാ ഹേമചന്ദ്രന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. സിപിഎം ഏരിയ കമ്മിറ്റി അംഗമായ ബിന്ദു ഹരിദാസ് കഴിഞ്ഞ രണ്ട് ഭരണ സമിതികളില്‍ അംഗമായിരുന്നു. പാപനാശം വാര്‍ഡില്‍ നിന്ന് വിജയിച്ച ഗീതഹേമചന്ദ്രന്‍ മുന്‍ കൗണ്‍സിലറാണ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം പൊതുവിഭാഗത്തിന് നല്‍കുകയാണെങ്കില്‍ ഗീതാഹേമചന്ദ്രന് സാധ്യത തെളിയും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മറ്റ് ചിലരും ചരട് വലികള്‍ നടത്തുന്നുണ്ട്. മുന്‍ ചെയര്‍മാന്‍ അഡ്വ. കെ ആര്‍ ബിജുവിനാണ് വൈസ് ചെയര്‍മാന്‍ പദവിക്ക് സാധ്യതകല്‍പ്പിക്കുന്നത്. എന്നാല്‍ ബിന്ദു ഹരിദാസ് ചെയര്‍പേഴ്‌സണയാല്‍ എസ് അനിജോ, ഉണ്ണികൃഷ്ണന്‍ നായരെയോ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ ബാലിക്, സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റിയംഗം എം കെ യൂസഫ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
ഇടവ ഗ്രാമപ്പഞ്ചയാത്തില്‍ ഭരണം നിലനിര്‍ത്തിയതും ഭരണ പരിചയവുമാണ് ബാലിക്കിനെ പരിഗണിക്കാന്‍ കാരണം. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സിപിഐയിലെ സബീനാ ശശാങ്കനാണ് സാധ്യത. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ ഇടവ ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായിരുന്ന സുനിതാ എസ് ബാബുവാകും പ്രസിഡന്റ്.
ചെറുന്നിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിലവിലെ വൈസ് പ്രസിഡന്റ് നവപ്രകാശ് പ്രസിഡന്റ് ആകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇലകമണ്‍ പഞ്ചായത്തില്‍ വിളപ്പുറം വാര്‍ഡില്‍ നിന്ന് വിജയിച്ച സുമംഗലയെയാണ് പരിഗണിക്കുന്നത്. യുഡിഎഫിന് അധികാരം ലഭിച്ച വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അഡ്വ. അസിം ഹുസൈന് പ്രസിഡന്റ് പദവി ലഭിച്ചേക്കും.
Next Story

RELATED STORIES

Share it