wayanad local

അധിനിവേശ സസ്യങ്ങളുടെ വ്യാപനം നിയന്ത്രിക്കാന്‍ പദ്ധതി



കല്‍പ്പറ്റ: അധിനിവേശ സസ്യങ്ങളുടെ വ്യാപനം നിയന്ത്രിക്കാന്‍ കാട്ടില്‍ വിത്തെറിഞ്ഞ് വനം-വന്യജീവി വകുപ്പ്. കാടിനെ വിഴുങ്ങുന്ന അധിനിവേശസസ്യങ്ങള്‍ വന്യജീവികളിലെ സസ്യഭുക്കുകളുടെ ഭക്ഷ്യസുരക്ഷയെയും താറുമാറാക്കുന്ന സാഹര്യത്തിലാണ് വകുപ്പിന്റെ ഇടപെടല്‍. അധിനിവേശസസ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭക്ഷണലഭ്യത ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ മുളയുടെയും ഇതര പുല്ലിനങ്ങളുടെയും 25 കിലോ വീതം വിത്തു വിതച്ചതിനു പുറമെ 24 കിലോ ചക്കക്കുരുവും നട്ടതായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ആശാലത പറഞ്ഞു.  ആനത്തൊട്ടാവാടി (മൈമോസ ഡിപ്ലോട്രിക്ക), ധൃതരാഷ്ട്രപ്പച്ച (മൈക്കാനിയ മൈക്രാന്ത), പാര്‍ത്തനീയം (പാര്‍ത്തീനിയം ഹിസ്റ്റോഫോറസ്), അരിപ്പൂ (ലാന്റാന കാമറ), കമ്മ്യൂണിസ്റ്റ് പച്ച (ക്രോമലിത ഒഡോറേറ്റ), കമ്മല്‍ പൂ (വോഡിലിയ ട്രൈലോവാറ്റ), മഞ്ഞക്കൊന്ന (സെന്ന സെപെക്റ്റബിലിസ്) എന്നിവയാണ് വയനാടന്‍ വനങ്ങളെ ഗ്രസിക്കുന്ന അധിനിവേശ സസ്യങ്ങള്‍. ഇതില്‍ മഞ്ഞക്കൊന്നയാണ് മുത്തങ്ങ വനത്തിനു പ്രധാന ഭീഷണിയെന്നു പരിസ്ഥിതി പ്രവര്‍ത്തകനും ഡോ. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനുമായ സലീം പിച്ചന്‍ പറഞ്ഞു. കാടിനും നാടിനും ഭീഷണി ഉയര്‍ത്തുന്ന അധിനിവേശസസ്യ വ്യാപനത്തെ ഭരണകൂടം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുത്തങ്ങ വനത്തില്‍ മഞ്ഞക്കൊന്ന ധാരാളമുള്ള കാക്കപ്പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മുളയുടെ വിത്തുകള്‍ കൂടുതലായും വിതച്ചതെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മഞ്ഞക്കൊന്നയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഒരളവോളം തടയിടാന്‍ കെല്‍പുള്ളതാണ് മുളങ്കൂട്ടങ്ങള്‍. മുത്തങ്ങ വനത്തില്‍ മുളങ്കാടുകള്‍ പൂത്തുണങ്ങി നശിച്ച ഭാഗങ്ങളിലാണ് മഞ്ഞക്കൊന്ന ധാരാളമുള്ളത്. ഇതിന്റെ വ്യാപനം തടയുന്നതിനു വിവിധ പ്രവര്‍ത്തനങ്ങളാണ് വനം-വന്യജീവി വകുപ്പ് നടത്തുന്നത്. പീച്ചി വനം ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ നിര്‍ദേശിച്ചതനുസരിച്ച് 16,000 മരങ്ങള്‍ പിഴുതുമാറ്റി. നിരവധി വൃക്ഷങ്ങള്‍ വൃത്താകൃതിയില്‍ തോല്‍ ചെത്തിനീക്കി ഉണക്കി. എന്നിട്ടും വനത്തില്‍ മഞ്ഞക്കൊന്നയുള്ള ഭൂപ്രദേശത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സ്ഥലത്ത് അധിനിവേശം നടത്താന്‍ ശേഷിയുള്ള മരമാണ് മഞ്ഞക്കൊന്ന. ഇതിന്റെ വേരിനും പ്രജനനം നടത്താന്‍ കഴിവുണ്ട്. മുമ്പ് അലങ്കാരവൃക്ഷമെന്ന നിലയില്‍ നട്ടുവളര്‍ത്തിയ മഞ്ഞക്കൊന്നകള്‍ കാലപ്രയാണത്തില്‍ വനത്തിനു വിനയാവുകയായിരുന്നു. വ്യാപനം തടയാന്‍ മഞ്ഞക്കൊന്നകള്‍ വേരോടെ പിഴുതുമാറ്റുകയാണ് ഉത്തമമെന്നു സസ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നു. വനത്തില്‍ ഭക്ഷണലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായാണ് വനത്തില്‍ വിവിധയിനം പുല്‍വിത്തുകള്‍ വിതച്ചത്. ചക്കക്കുരു കുഴിച്ചിട്ടതും ഇതേ ലക്ഷ്യത്തോടെയാണ്. ഉണങ്ങിമറിഞ്ഞ മുളങ്കൂട്ടങ്ങള്‍ക്കിടയിലാണ് ചക്കക്കുരു നട്ടത്. തൈകള്‍ ഇളം പ്രായത്തില്‍ മാനും മറ്റും നശഷിപ്പിക്കുന്നതു ഒഴിവാക്കുന്നതിനാണിത്. വനത്തിലെ ഭക്ഷണ ദൗര്‍ലഭ്യമാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യജീവിശല്യം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. കൃഷിയിടങ്ങളിലേക്കുള്ള അധിനിവേശസസ്യങ്ങളുടെ വ്യാപനം കനത്ത വിളനാശത്തിനും കാരണമാവുന്നുണ്ട്.
Next Story

RELATED STORIES

Share it