Kottayam Local

അധിക ബാധ്യത : ഐസി യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവില്ലെന്ന് ആരോഗ്യ വകുപ്പ്



എരുമേലി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് ശബരിമല സീസണിലല്ലാതെ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് അധികബാധ്യതയാവുമെന്ന് ആരോഗ്യ വകുപ്പ്. യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഉപലോകായുക്ത നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സ്ഥിരമായി ഐസി യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യമാവുമെന്നും ലോകായുക്ത മുന്നറിയിപ്പു നല്‍കിയിരുന്നു. കേസ് ഇന്നു വീണ്ടും ലോകായുക്ത കോടതി പരിഗണിക്കും. ഒരു കാര്‍ഡിയോളജി ഡോക്ടര്‍, നാല് ഫിസിഷ്യന്‍മാര്‍, നാല് കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിങ്ങനെ ഒമ്പതു ഡോക്ടര്‍മാരാണ് ഐസി യൂനിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് അനുശാസിക്കുന്ന നിബന്ധനയാണിത്. ഡോക്ടര്‍മാരെ കൂടാതെ പരിശീലനം നേടിയ ഒമ്പത് സ്റ്റാഫ് നഴ്‌സുമാരുടെ സേവനവും വേണം. ഇതെല്ലാം ഉള്‍പ്പടെ 19 ജീവനക്കാരെയാണ് ഐസി യൂനിറ്റിലേക്കായി പുതുതായി നിയമിക്കേണ്ടിവരിക. ഇത് സര്‍ക്കാരിന് അധികബാധ്യത സൃഷ്ടിക്കും. ശബരിമല സീസണില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുന്നതിനാലാണ് അധികബാധ്യതയില്ലാതെ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത്. കഴിഞ്ഞ ശബരിമല സീസണില്‍ പത്തോളം രോഗികള്‍ക്ക് മാത്രമാണ് യൂനിറ്റിന്റെ സേവനം വേണ്ടിവന്നത്. ശബരിമല സീസണ്‍ കഴിഞ്ഞാല്‍ രോഗികള്‍ കുറവാണെന്നും അധികൃതര്‍ പറയുന്നു. 2007ല്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയാണ് എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും ഐസി യൂനിറ്റുകള്‍ തുറന്നുകൊടുത്തത്. സര്‍ക്കാരിന് അധിക ബാധ്യതയില്ലാത്ത വിധം ശബരിമല സീസണിലെ രണ്ടര മാസക്കാലത്ത് മാത്രമാണു പ്രവര്‍ത്തിക്കാന്‍ വകുപ്പ് ഉത്തരവിട്ടിരുന്നത്. എന്നാല്‍, യൂനിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ ജനകീയ സംഘടന സെക്രട്ടറി എച്ച് അബ്ദുല്‍ അസീസ് നല്‍കിയ ഹരജി അംഗീകരിച്ച് ലോകായുക്ത അനുകൂലവിധി നല്‍കുകയായിരുന്നു. ഇത് നാലാംതവണയാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിടുന്നത്. ഇന്ന് കോടതിയില്‍ ഹാജരാവണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു കേസ് പരിഗണിക്കാനിരിക്കെ യൂനിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാന്‍ തടസ്സങ്ങളുണ്ടെന്ന് വിശദീകരണം നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
Next Story

RELATED STORIES

Share it