Idukki local

അധികൃതര്‍ നടപടിയെടുത്തില്ല; കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും പാതയോരം വെട്ടിത്തെളിച്ചു

രാജാക്കാട്: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുരിക്കുംതൊട്ടി-ശാന്തന്‍പാറ റോഡിലെ കാടും പടര്‍പ്പും വെട്ടി നീക്കി.രാജകുമാരി ശാന്തന്‍പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.
കുറഞ്ഞ ദൂരത്തില്‍ ശാന്തന്‍പാറ, വാക്കോടസിറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ എത്താമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാരും വാഹനങ്ങളും ഈ പാതയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മുരിക്കുംതൊട്ടി പാലം മുതല്‍ വാക്കോടസിറ്റി വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം ഇരുവശങ്ങളില്‍ നിന്നും കാടും പടര്‍പ്പും വളര്‍ന്ന് കയറി ഗതാഗതത്തിനു തടസമായി.കൊടും വളവുകള്‍ നിറഞ്ഞ ഇവിടെ എതിരെ നിന്നും വാഹനങ്ങള്‍ വന്നാല്‍ അറിയാന്‍ കഴിയാത്ത സ്ഥിതി ആയതോടെ അപകടങ്ങളും പതിവായി. റോഡിന്റെ വശങ്ങളിലേയ്ക്ക് മാറി നില്‍ക്കുന്നതിനുള്ള വീതിപോലും ഇല്ലാത്തതിനാല്‍ കാല്‍നടയും ബുദ്ധിമുട്ടിലായി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട് വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് മാസങ്ങളായി നാട്ടുകാര്‍ പഞ്ചായത്തില്‍ ആവശ്യപ്പെടുന്നതാണെങ്കിലും പ്രയോജനമുണ്ടായില്ല. ഇഴ ജന്തുക്കളുടെയും ചെറു മൃഗങ്ങളുടെയും ആവാസകേന്ദ്രമായി കുറ്റിക്കാടുകള്‍ മാറിയതോടെ പരിസരവാസികളും ഭീതിയിലായി.
ഇതിനെത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ രജനി മാധവദാസ് എഡിഎസ് സെക്രട്ടറി റീത്താ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് കുറ്റിക്കാടും ചെറു മരങ്ങളും വെട്ടി നീക്കുകയായിരുന്നു.
Next Story

RELATED STORIES

Share it