kasaragod local

അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല : അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഏത്തടുക്ക ടൗണ്‍



ബദിയടുക്ക: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഏത്തടുക്ക ടൗണ്‍. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന വികസനം മുരടിച്ചു നില്‍ക്കുന്ന കുമ്പഡാജെ പഞ്ചായത്തിലെ ഏത്തടുക്ക വികസനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ടൗണ്‍ എന്നത്‌കൊണ്ടു തന്നെ നിരവധി ചെറുതു വലൂതുമായ വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. കാസര്‍കോട് ഭാഗത്ത് നിന്നും എളുപ്പത്തില്‍ വിദ്യാഗിരി-ഏത്തടുക്ക വഴി ഈശ്വരമംഗല പുത്തൂരിലേക്കും സ്വര്‍ഗ പാണാജെ വഴി പുത്തൂരിലേക്കും ചെന്നെത്തുന്ന റോഡായത്‌കൊണ്ട് പല വാഹനങ്ങളും ഇത് വഴിയാണ് കടന്ന് പോകുന്നത്. എന്നാല്‍ ഏത്തടുക്കയില്‍ മാത്രം വികസനം മരീചികയാകുന്നു. ഇവിടെ ഒരു വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ഉണ്ടെങ്കിലും ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ കെട്ടിടമില്ല. മുന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അനധികൃത കടത്ത് തടയാന്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചുവെങ്കിലും സ്വന്തമായി കെട്ടിടമില്ല. ഒറ്റ മുറി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. സദാ സമയവും തുറന്നിടുന്ന ഗേറ്റ് അനധികൃത കടത്ത് സംഘത്തിന് അനുഗ്രഹമായി മാറുന്നുവെന്ന ആരോപണമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് ഇവിടെ എത്തുന്നത്. അത്‌കൊണ്ടു തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രമോ വിശ്രമ മുറിയോ ഇല്ലാതെ ചുട്ടു പൊള്ളുന്ന വേനല്‍ കാലമായാലും മഴക്കാലമായാലും ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം തന്നെ. ഗ്രാമീണ പ്രദേശമെന്നതിനാല്‍ കര്‍ഷകരാണ് പരിസര പ്രദേശങ്ങളില്‍ തിങ്ങി പാര്‍ക്കുന്നത്. അത ്‌കൊണ്ട് തന്നെ ഇവര്‍ ഉല്‍പാദിപ്പിച്ച ഉല്‍പനങ്ങള്‍ വിപണിയില്‍ എത്തിക്കണമെങ്കില്‍ ഒന്നുകില്‍ ബദിയടുക്ക വഴി കാസര്‍കോട്ടേക്കോ അല്ലെങ്കില്‍ കര്‍ണാടകയിലെ പുത്തൂരിലേക്കോ കൊണ്ടു പോകണം.  അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പു മുട്ടുന്ന ഏത്തടുക്കയുടെ വികസനത്തിന് കക്ഷി രാഷ്ട്രീയം മറന്ന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it