Idukki local

അധികൃതര്‍ക്കു നിസ്സംഗത; ദേശീയപാതയിലെ ഗട്ടറുകള്‍ അപകടക്കെണിയായി

വണ്ടിപ്പെരിയാര്‍: അപകട ഭീഷണി ഉയര്‍ത്തി ദേശീയ പാതയിലെ കുഴികള്‍. റോഡിലെ ടാറിങ് ഇളകി മാറി വലിയ കുഴികള്‍ രുപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും കുഴിയില്‍ ചാടി അപകടം ഉണ്ടാവുന്നതു വര്‍ധിച്ചു. കുഴി വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ദേശീയപാത അധികൃതര്‍ കാണാതെ പോയ ഗട്ടറില്‍ അപകടങ്ങളുടെ പരമ്പര തന്നെയാണ്. കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയില്‍ കക്കി കവല ജങ്ഷനു സമീപത്തും റോഡില്‍ വലിയ ഗട്ടര്‍ രൂപപ്പെട്ടു. ചെറിയ കുഴി രൂപപ്പെട്ടത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇത് പരിഹരിക്കാന്‍ തയ്യാറായിരുന്നില്ല. മൂന്നു ദിവസം കനത്ത മഴ പെയ്തതതോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ഒന്‍പതോളം വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. ആഴ്ചകള്‍ക്ക് മുമ്പ് റോഡിന്റെ ഒരുവശത്ത് ദേശീയ പാതാ കോണ്‍ട്രാക്റ്റര്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍ ഗട്ടര്‍ രൂപപ്പെട്ട ഭാഗത്തെ തകരാര്‍ പരിഹരിച്ചില്ല. സമീപത്തെ ഓടയില്‍ നിന്നും ജലം ഒഴുകിയെത്തുന്നതിനാല്‍ വളരെ അടുത്തെത്തിയ ശേഷമേ വാഹന യാത്രികര്‍ക്ക് ഗട്ടര്‍ കാണാന്‍ കഴിയു. വേഗത്തില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നില്‍ വരുന്ന വാഹനം ഇടിച്ചാണ് മിക്ക അപകടങ്ങളുമുണ്ടായത്. രാത്രി കാലങ്ങളിലാണ് കൂടുതല്‍ അംകടങ്ങള്‍ സംഭവിക്കുന്നത്. ശബരിമല സീസണ്‍ ആരംഭിച്ചതിനാല്‍ വാഹനങ്ങളുടെ വിലയ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശിയ പാത അധികൃതര്‍ മിക്ക ദിവസങ്ങളിലും ഇതുവഴി കടന്നു പോവാറുണ്ടെങ്കിലും അപകടക്കുഴി കണ്ടില്ലെന്ന് നടിക്കുകയാണ്. ദിവസേന നൂറു കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും ഇത് വഴിയാണ് യാത്ര ചെയ്യുന്നത്. റോഡിലുടെ ഒഴുകുന്ന വെള്ളം വാഹനങ്ങള്‍ അടിച്ചു തെറിപ്പിച്ച് യൂണിഫോമുകള്‍ വരെ നനയുന്നതും പതിവാണ്. ശബരിമല സീസണുംകൂടി ആയതോടെ വാഹനങ്ങളുടെ തിരക്ക് ഏറെ വര്‍ധിച്ചിട്ടുണ്ട്. മണ്ഡലകാല സീസണില്‍ റോഡുകളിലെ ഗട്ടറുകള്‍ അപകടങ്ങള്‍ പെരകുന്നതിനും ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതിനും കാരണമാവും. അധികൃതര്‍ അടിയന്തരമായി കുഴികള്‍ അടച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it