kozhikode local

അധികൃതരെ തെറ്റിദ്ധരിപ്പിച്ചുള്ള കുന്നിടിക്കല്‍ നിര്‍ത്തിവയ്പിച്ചു

താമരശ്ശേരി: അധികൃതരെ തെറ്റിദ്ധരിപ്പിച്ചു പുതുപ്പാടിയില്‍ കുന്നിടിച്ചു നിരത്തല്‍. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. പുതുപ്പാടി വില്ലേജോഫിസിന് തൊട്ടരികില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പേരിലുള്ള കുന്നാണ് ദിവസങ്ങളായി ഇടിച്ച് നിരപ്പാക്കുന്നത്. പുതുപ്പാടി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് പിന്‍വശത്തായി ചെമ്മരംപറ്റ റോഡിനോട് ചേര്‍ന്നാണ് കുന്ന്. സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി ബിനു പുളിക്കല്‍ എന്ന പേരിലാണ് കുന്നിടിക്കുന്നതിന് താമരശ്ശേരി തഹസില്‍ദാര്‍ അനുമതി നല്‍കിയത്.
കെട്ടിട നിര്‍മാണത്തിനായി 70 മീറ്റര്‍ നീളത്തിലും 6 മീറ്റര്‍ വീതിയിലും മണ്ണ് നീക്കം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ എത്ര ഉയരത്തിലാണ് മണ്ണ് നീക്കം ചെയ്യേണ്ടതെന്ന് ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല. ദിവസങ്ങളായി ഇരുപതോളം ടിപ്പറുകളിലാണ് ഇവിടെനിന്നും മണ്ണ് കടത്തുന്നത്. പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള വഴിയിലൂടെയാണ് ഇടതടവില്ലാതെ ടിപ്പര്‍ ലോറികള്‍ കുതിച്ചു പായുന്നത്.
പൊടി ശല്യം അസഹ്യമായതോടെ നാട്ടുകാര്‍ ഇടപെട്ടു. സ്‌കൂളിന് ഗ്രൗണ്ട് നിര്‍മിക്കാനായി മണ്ണ് നിരത്താനെന്ന വ്യാജേനയാണ് അനുമതി നേടിയതെന്നും കുന്നിടിച്ച് നിരത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായും താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍ പറഞ്ഞു. എന്നാല്‍ തഹസില്‍ദാറുടെ വാദം നാട്ടുകാര്‍ അംഗീകരിക്കാന്‍ തയ്യാറല്ല.
അധികൃതരുടെ മൗന സമ്മതത്തോടെയാണ് വ്യാപക മണ്ണിടിക്കലും മറ്റും നടക്കുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
റവന്യൂ വകുപ്പിലെ ജീവനക്കാരി ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് മണ്ണ് കടത്തുന്നതെന്നും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മണ്ണ് കടത്തുകയായിരുന്ന ഒരു ടിപ്പര്‍ താമരശ്ശേരി സിഐ കെ സുഷീര്‍ പിടികൂടിയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it