thiruvananthapuram local

അധികൃതരുടെ അവഗണന: വെള്ളറട സര്‍ക്കാര്‍ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

വെള്ളറട: ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരുമില്ലാത്ത വെള്ളറട സര്‍ക്കാര്‍ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ക്യാഷ്വാലിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പ്രദേശത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയ്ക്ക് വേണ്ടി അധികൃതരില്‍ ഒരുവിഭാഗം തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. 11 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് നിലവില്‍ സേവനത്തിനുള്ളത്.
ഒമ്പത് നഴ്‌സ് വേണ്ടിടത്ത് രണ്ടു പേര്‍ മാത്രം. ദിനംപ്രതി 700 ലധികം രോഗികളാണ് ചികില്‍സ തേടി എത്തുന്നത്. ചികില്‍സി—ക്കാന്‍ വേണ്ട ഡോക്ടറും നഴ്‌സുമില്ലാത്തതു മൂലം രോഗികള്‍ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറുകയാണ്. മലയോര മേഖലയില്‍ നിന്ന് ചികില്‍സ തേടി എത്തുന്ന രോഗികള്‍ ആവശ്യമായ മരുന്നും കുത്തിവയ്പ് സാമഗ്രികളും പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിച്ചുവിടുകയാണ് ഇവിടത്തെ രീതി. സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന ഒരു കാരുണ്യ മെഡിക്കല്‍ സ്‌റ്റോര്‍ ഉണ്ടെങ്കിലും മരുന്നില്ല. ഉച്ച—യോടു കൂടി ആശുപത്രി പ്രവര്‍ത്തനം നിലക്കും. ഡോക്ടര്‍മാര്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഇരുന്നു സ്വകാര്യ പ്രാക്ടീസും ആരംഭിക്കും. സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ച ശേഷമാണ് സ്വകാര്യ പ്രാക്ടീസ് ആശുപത്രിക്ക് അടുത്തുതന്നെ നടക്കുന്നത്. നിര്‍ധനരായ രോഗികളെ ചൂഷണം ചെയ്യുന്ന പണപ്പിരിവാണ് ഇവിടെ നടക്കുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ രോഗികള്‍ എത്താന്‍ തന്നെ മടിക്കുകയാണ്. അടിയന്തരമായി ആവശ്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കണമെന്ന് സിപിഐ വെള്ളറട മണ്ഡലം സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it