അധികൃതരുടെ അലംഭാവം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നു; പ്രതിദിനം 10.20 ലക്ഷത്തിന്റെ വരുമാനനഷ്ടം

എച്ച് സുധീര്‍

തിരുവനന്തപുരം: നഷ്ടക്കയത്തിലേക്കു മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം വന്‍തോതില്‍ വരുമാന ചോര്‍ച്ചയ്ക്കു കാരണമാവുന്നു.
വരുമാനം കൂട്ടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതാണ് നിലവില്‍ കോര്‍പറേഷന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. 2013 മുതലുള്ള ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ലെന്നത് വലിയ വീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്. ഡ്രൈവര്‍മാരുടെ കുറവുമൂലം കെഎസ്ആര്‍ടിസിയില്‍ സംസ്ഥാനത്ത് ഉടനീളം ദിവസേന ശരാശരി 85 സര്‍വീസുകള്‍ വരെ മുടങ്ങുന്നുണ്ട്. കൂടാതെ, ഡ്രൈവര്‍മാര്‍ കൃത്യമായി ജോലിക്കു വരാത്തതിനാലും ഷെഡ്യൂളുകള്‍ മുടങ്ങാറുണ്ട്. ഇതുമൂലം ഒരുദിവസം കോര്‍പറേഷന് 10,20,000 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്.
എന്നാല്‍, ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഡ്രൈവര്‍മാരുടെ 101 എന്‍ജെഡി ഒഴിവുകള്‍ 2013 സപ്തംബറിലും 285 പുതിയ ഒഴിവുകള്‍ 2014 സപ്തംബറിലും പിഎസ്‌സിയിലേക്ക് റിപോര്‍ട്ട് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള 2455 ഒഴിവുകള്‍ ഇക്കഴിഞ്ഞ ആഗസ്തിലും പിഎസ്‌സിയെ അറിയിച്ചു. ഇതിനുപുറമെ 498 ഡ്രൈവര്‍മാരുടെ ഒഴിവുകളും നിലവിലുണ്ട്. പിഎസ്‌സിയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ വൈകുന്നതാണ് നിയമനം നീണ്ടുപോവാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു. അതേസമയം, പ്രതിസന്ധി രൂക്ഷമായിട്ടും പുതുതായി എംപാനല്‍ ഡ്രൈവര്‍മാര്‍ക്ക് നിയമനം നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറായിട്ടില്ല.
ഇതിനുപുറമെ, ഓപറേറ്റിങ് ജീവനക്കാരുടെ അഭാവത്താലും സ്‌പെയര്‍പാര്‍ട്‌സ് ഇല്ലാത്തതിനാലും പല ഡിപ്പോയില്‍ നിന്നും ദിനംപ്രതി സര്‍വീസുകള്‍ മുടങ്ങാറുണ്ട്. ഇതേത്തുടര്‍ന്ന് ലാഭത്തിലോടുന്ന പല ദീര്‍ഘദൂര സര്‍വീസുകളും വെട്ടിക്കുറച്ചതായും പരാതിയുണ്ട്. ഗ്രാമീണമേഖലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതു കാരണം പല റൂട്ടുകളും സമാന്തര സര്‍വീസുകള്‍ കൈയടക്കി.
തലസ്ഥാന ജില്ലയില്‍ നെയ്യാറ്റിന്‍കര ആര്‍ടിഒ ഓഫിസിലെ കണക്കുകള്‍ പ്രകാരം പെര്‍മിറ്റ് എടുത്തിട്ടുള്ള 1472 സമാന്തര സര്‍വീസുകളാണു നിലവിലുള്ളത്. ശബരിമല സീസണ്‍ ആരംഭിച്ചതോടെ, സിറ്റികളില്‍ സര്‍വീസ് നടത്തിയിരുന്ന പുതിയ ബസ്സുകളെല്ലാം ശബരിമല സര്‍വീസിനായി മാറ്റിവച്ചതോടെ ഈ റൂട്ടുകളില്‍ പകരമായി നല്‍കിയിട്ടുള്ള ബസ്സുകളില്‍ ഏറെയും കാലപ്പഴക്കം ചെന്നതാണ്.
Next Story

RELATED STORIES

Share it