thiruvananthapuram local

അധികൃതരുടെ അനാസ്ഥ: വാമനപുരം നദി നാശത്തിന്റെ വക്കില്‍

വെഞ്ഞാറമൂട്: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധ ജലസ്രോതസ്സായ വാമനപുരം നദി നാശത്തിന്റെ വക്കില്‍. അനിയന്ത്രിതമായ മണല്‍ ഖനനം, തോട്ടപൊട്ടിച്ചുള്ള മീന്‍ പിടിത്തം. അമൂല്യങ്ങളായ കല്ലുകളുടെ ഖനനം, തീരദേശത്തെ മരങ്ങളും, നദീതീരത്തെ അലങ്കാര മുളകള്‍ മുറിച്ചു കടത്തല്‍, തീരദേശം ഇടിച്ച് കുഴിച്ച് ഇഷ്ടികക്കളങ്ങള്‍ക്ക് വേണ്ടിയുള്ള ചെളിയെടുപ്പ് തുടങ്ങിയവയാണ് പ്രധാനമായും നദിയെ നാശത്തിലേക്ക് തള്ളി വിടുന്നത്. നദിയുടെ ഉല്‍ഭവ സ്ഥാനമായ പൊന്‍മുടി താഴ്‌വാരമായ ചെമ്മഞ്ചിമൊട്ട മുതല്‍ ഒഴുകിയെത്തുന്ന അഞ്ചുതെങ്ങ് കായല്‍ വരെയുള്ള നദി തീരത്ത് വ്യാപകകൈയേറ്റമാണ് നടന്നിട്ടുള്ളത്. നദിയെയും അതിന്റെ തീരത്തെയും സംരക്ഷിക്കുന്നതിന് ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ല. ഒരു കാല—ത്ത് വാമനപുരം ബ്ലോക്കിലെ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് തന്നെ ഈ നദിയെ ആശ്രയിച്ചായിരുന്നു. പിന്നീട് നെല്‍വയലുകള്‍ അപ്രത്യക്ഷമാവുകയും റബര്‍ കൃഷി വ്യാപകമാവുകയും ചെയതതോടെ കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് നദിയെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വന്നു. പകരം വാമനപുരം ബ്ലോക്കിലെയും ചിറയിന്‍കീഴ് ബ്ലോക്കിലെയും ആറ്റിങ്ങല്‍ വര്‍ക്കല മുനിസിപല്‍ പ്രദേശങ്ങളിലേയും കുടിവെള്ളാവശ്യത്തിന് നദീജലം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ അടുത്തിടെയായി മഴക്കാലത്ത് ആര്‍ത്തുലച്ച് തീരം നിറഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലാരംഭത്തോടെ വറ്റി വരളാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് കുടിവെള്ള വിതരണം പലയിടങ്ങളിലും മുടങ്ങാറുണ്ട്. നദീ ജല നിരപ്പ് താഴുന്നതിനനുസരിച്ച് നീര്‍ വ്യാപനം നഷ്ടപ്പെട്ട് സമീപ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റുന്നതും മറ്റൊരു ഭീഷണിയായി മാറിയിട്ടുണ്ട്. പ്രതിവര്‍ഷം 1350 ദശലക്ഷം ഘനമീറ്റര്‍ ജലം നദിയിലൂടെ ഒഴുകി കായലില്‍ പതിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 850 ദശലക്ഷം ഘനമീറ്റര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ തട നിര്‍മിച്ച് കാര്‍ഷിക ജലസേചജന സൗകര്യമൊരുക്കല്‍, ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിക്കല്‍, തീരദേശം ഉപയോഗപ്പെടുത്തിയുള്ള പരിസ്ഥിതി ടൂറിസം പദ്ധതികള്‍, കുടിവെള്ള പദ്ധതികളും വിഭാവനം ചെയ്തിരുന്നുവെങ്കിലും വെറുതെയായി.
വ്യത്യസ്ത
വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ നിന്നും വീണ് ഉഴമലയ്ക്കല്‍ കുളക്കട ഉത്രം ഹൗസില്‍ ഷിബുകുമാര്‍ (43), 6.30ന് തെക്കും ഭാഗത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൂത്തുറ ശിങ്കാരത്തോപ്പ് റീജാ ഭവനില്‍ രാജന്‍ അലക്‌സ് (20), രാത്രി ഏഴിന് പൊയ്കമുക്കില്‍ സഹോദരനൊപ്പം സഞ്ചരിക്കവേ ബൈക്കില്‍ നിന്നും വീണ് ഇളമ്പ പൊയ്കമുക്ക് ശ്രീ ശൈലത്തില്‍ ബേബി (50) ഇതേ സമയം തന്നെ വിളക്ക് പാറയില്‍ സ്‌കൂട്ടറില്‍ നിന്നും വീണ് വിളക്കുപാറ തുണ്ടില്‍ വീട്ടില്‍ രാജന്‍ (52), ഇന്നലെ രാവിലെ 10ന് ആയൂര്‍ പാലത്തിന് സമീപം കാറിടിച്ച് കാല്‍ നടയാത്രികനായ മഞ്ഞപ്പാറ തോട്ടത്തില്‍ കടയില്‍ വീട്ടില്‍ അജിന്‍ പാപ്പച്ചന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it