malappuram local

അധികൃതരുടെ അനാസ്ഥ : റോഡ് പ്രവൃത്തി തുടങ്ങിയത് മഴക്കാലത്ത് ; റോഡ് ചെളിക്കളമായി യാത്രക്കാര്‍ ദുരിതത്തില്‍



പള്ളിക്കല്‍: അധികൃതരുടെ അനാസ്ഥ മൂലം റോഡ് പ്രവൃത്തി തുടങ്ങിയത് മഴക്കാലത്ത്. മാസങ്ങല്‍ക്ക് മുമ്പ് പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിച്ചു നല്‍കിയിട്ടും റോഡില്‍ പ്രവര്‍ത്തി നടത്താന്‍ മഴക്കാലം വരെ അധികൃതര്‍  കാത്തിരുന്നു. ശക്തമായ മഴ തുടങ്ങിയതോടെ ചെളിക്കളമായ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ദുരിതത്തിലായി. പള്ളിക്കല്‍ ബസാര്‍ മൂന്നാം വാര്‍ഡിലെ കാവുംപടി  പള്ളിക്കല്‍ പാറ റോഡിനാണ് ഈ ദുരവസ്ഥ. റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് പത്ത് വര്‍ഷത്തിന് ശേഷം പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് പ്രവര്‍ത്തിക്കായി മാസങ്ങല്‍ക്ക് മുന്‍പ് ഫണ്ട് അനുവദിച്ചത്. ഈ റോഡിലാണ്  വാര്‍ഡിലെ ആദ്യത്തെ റോഡ് പ്രവര്‍ത്തി നടത്തുകയെന്ന് ഗ്രാമ സഭയില്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇവിടത്തെ പ്രദേശവാസികളെ അവഗണിച്ച് മറ്റു റോഡുകളുടെ പ്രവര്‍ത്തി നടത്തുകയാണുണ്ടായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഡില്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിന് സൈഡ് കെട്ടി ഉയര്‍ത്തിയതോടെ മഴ വെള്ളം റോഡില്‍ കെട്ടി നിന്ന് കാല്‍ നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പള്ളിക്കതെരു ക്ഷേത്രം, കാവുംപടി ക്ഷേത്രം എന്നിവടങ്ങളിലേക്ക് ആരാധനക്ക് പോകുന്ന ഭക്തരും പള്ളിക്കല്‍ പാറ, പള്ളിക്കല്‍ തെരു ഭാഗത്ത് നിന്നും കാവുംപടി, കോഴിപ്പുറം എന്നീ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി യാത്രക്കാരും ഈ റോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്. റോഡ് പ്രവര്‍ത്തിക്കാവശ്യമായ സാധനങ്ങല്‍ എത്തിക്കാതെ പ്രവര്‍ത്തി പാതി വഴിയില്‍ നിര്‍ത്തി വെച്ച നിലയിലാണിപ്പോള്‍. ഇതോടെ റോഡിലൂടെ നടക്കാന്‍ പോലും കഴിയാതെ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായ അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് റോഡിന്റെ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it