kasaragod local

അധികൃതരുടെ അനാസ്ഥ:  മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയാവുന്നു

ബദിയടുക്ക: അധികൃതരുടെ അനാസ്ഥമൂലം മഴവെള്ള സംഭരണികള്‍ നോക്കുകുത്തിയാവുന്നു. ബദിയടുക്ക പഞ്ചായത്തിന്റെ കീഴില്‍ 2003 സാമ്പത്തിക വര്‍ഷത്തില്‍ വികസന ഫണ്ടില്‍ നിന്ന് ഒരോ മഴവെള്ള സംഭരണിക്ക് 40,000 രൂപ ചിലവില്‍ നിര്‍മിച്ച സംഭരണികളാണ് ആര്‍ക്കും വേണ്ടാതെ നോക്കുകുത്തിയായി മാറിയത്. ബദിയടുക്ക പഞ്ചായത്ത് ഓഫിസ്, ഗവ. ഹൈസ്‌കുള്‍, അങ്കണവാടികള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് പതിനഞ്ചോളം സ്ഥലങ്ങളില്‍ മഴവെള്ള സംഭരണി നിര്‍മിച്ചത്. അതാത് സ്ഥലങ്ങളില്‍ നിര്‍മിച്ച സംഭരണിയിലേക്ക് മഴക്കാലത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് പൈപ്പിലൂടെ മഴവെള്ളം കടത്തി വിടും. ഇത്തരത്തില്‍ സംഭരണിയിലേക്ക് കടത്തി വിടുന്ന വെള്ളം സംഭരണിയില്‍ നിറഞ്ഞാല്‍ അവ ശുദ്ധീകരിക്കാന്‍ ടാങ്കിനകത്ത് പ്രത്യേക ഫില്‍ട്ടറിങ് സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അതാത് സ്ഥലങ്ങളില്‍ സ്ഥാപിച്ച സംഭരണികളിലേക്ക് രണ്ട് ഇഞ്ച് വ്യാസത്തിലുള്ള പിവിസി പൈപ്പ് ഘടിപ്പിച്ചതല്ലാതെ നാളിത് വരെയായി ഒരിറ്റ് വെള്ളം നിറക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇത് മൂലം പല സംഭരണികളിലെ പൈപ്പ്കള്‍ മോഷണം പോവുകയും ചെയ്തു. ചിലത് പൊട്ടി പൊളിഞ്ഞ് നാശത്തിന്റെ വക്കിലാണ്. ചില സ്ഥലങ്ങളില്‍ ഗുണഭോക്തൃ കമ്മിറ്റികളുണ്ടാക്കി ഇത്തരം സംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നുണ്ട്. എന്നാല്‍ ദീര്‍ഘ വീക്ഷണമില്ലാതെ ഒരോ വര്‍ഷവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചെലവ് കണക്കാക്കുന്നതിന് വേണ്ടി യാതൊരു ഉപയോഗവുമില്ലാത്ത ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത് മൂലം സര്‍ക്കാര്‍ ഖജനവിന് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടാവുന്നത്. ഇത്തരത്തില്‍ പല പഞ്ചായത്തുകളിലും നിര്‍മിച്ച മഴ വെള്ള സംഭരണികള്‍ പലതും നോക്ക് കുത്തിയായി മാറുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it