kozhikode local

അധികൃതരുടെ അനാസ്ഥ ഡ്രൈനേജ് പദ്ധതി തടസ്സപ്പെടുത്തി

കോഴിക്കോട്: ഒരു മഴ പെയ്യുമ്പോഴേക്കും നഗരം മലിനജലത്തില്‍ മുങ്ങിപ്പോവുന്നു. എലികള്‍ ചത്തുപൊന്തിയ മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നടക്കാതെ നഗരത്തിലെത്തുന്ന കാല്‍ നടയാത്രികര്‍ക്ക് വഴിയില്ല. എല്ലാ മഴക്കാലത്തെയും അവസ്ഥതന്നെയാണ് പതിവുപോലെ ഈ കാലവര്‍ഷത്തിലുമുള്ളത്. മഴ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുമ്പോഴും ഓടകള്‍ വേണ്ടരീതിയില്‍ ശുചീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല വെള്ളം പെട്ടെന്ന് ഒഴുകിപോവുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല.
കോടിക്കണക്കിന് രൂപ ഓട ശുചീകരണത്തിനും പുതിയവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളടക്കമുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഓടകള്‍ നിറഞ്ഞുകവിഞ്ഞും മാലിന്യങ്ങളാല്‍ നിറഞ്ഞും റോഡ് മുഴുവന്‍ മലിനജലം പരന്നൊഴുകുകയാണ്. വിവിധ സ്ഥാപനങ്ങള്‍ ഓടകളിലേക്ക് തള്ളുന്ന അഴുക്കുജലത്തിലൂടെ ചത്ത എലികളും മറ്റും ഒഴുകിനടക്കുന്നുണ്ട്. നിപാ വൈറല്‍ പനിയുടെ ഭീതിയില്‍ നിന്ന് നഗരം മുക്തമാവുന്നേയുള്ളൂ. പതിവുപോലെ ചികുന്‍ ഗുനിയ, ഡെങ്കി, തക്കാളി, എലി, എച്ച്1 എന്‍1 അങ്ങനെ നിരവധി പനികളെ കുറിച്ചുള്ള ഭയാശങ്കയിലാണ് ജനങ്ങള്‍ മഴക്കാലം കഴിച്ചുകൂട്ടുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഓടകളൊന്നും തന്നെ ശരിയായ രീതിയില്‍ ശുചീകരിക്കപ്പെട്ടിട്ടില്ല. സ്റ്റേഡിയം ജങ്ഷന്‍, കോട്ടപ്പറമ്പല്‍ നിന്ന് പാവമണി റോഡിലേക്കെത്തുന്ന പോക്കറ്റ് റോഡ്, മൊഫ്യൂസില്‍ സ്റ്റാന്റ്്-കെഎസ്ആര്‍ടിസി പരിസരം, മാങ്കാവ് ജങ്ഷന്‍ അടക്കം മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ നിരവധിയാണ്.
നഗരത്തില്‍ മലിനജലം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനായി ഡ്രെയ്‌നേജ് പദ്ധതി നടപ്പാക്കാന്‍ അമൃത് പദ്ധതിയില്‍ പണം വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പദ്ധതി ടെന്‍ഡര്‍ നല്‍കുകയുമുണ്ടായി. പദ്ധതിയുടെ ടെന്‍ഡര്‍, അമൃത് പദ്ധതി നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പൂര്‍ത്തീകരിക്കാത്തതിന്റെ പേരില്‍ ചീഫ് എന്‍ജിനീയര്‍ തള്ളുകയാണുണ്ടായത്. റി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി അടുത്തുതന്നെ ആരംഭിക്കുമെന്നാണ് കോര്‍പറേഷന്‍ കൗണ്‍സിലറായ കിഷന്‍ ചന്ദ്് അറിയച്ചത്.
കോര്‍പറേഷനിലെ മിക്ക വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ ഡ്രെയ്‌നേജ് നിര്‍മാണ പദ്ധതി മഴക്കാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കുന്നതിനുള്ള ജാഗ്രത ഇല്ലാതെപോയതാണ് ഇന്ന് നഗരം നേരിടുന്ന മലിനജല പ്രശ്‌നത്തിന് പ്രധാനകാരണം. നഗര മാലിന്യ സംസ്‌കരണവും ഡ്രെയിനേജ് സംവിധാനവും പൊതുജനാരോഗ്യത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന വിഷയമാണെന്നതുകൊണ്ട് അടിയന്തര നടപടികളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. മറിച്ചാണ് കാര്യങ്ങളെങ്കില്‍ പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി കോഴിക്കോട് നഗരം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


Next Story

RELATED STORIES

Share it