kozhikode local

അധികൃതരുടെ അനാസ്ഥ: ആവളപാണ്ടിയില്‍ ഈ വര്‍ഷവും കൃഷി അവതാളത്തില്‍

മേപ്പയ്യൂര്‍: ആവളപാണ്ടിയില്‍ അധികൃതരുടെ അനാസ്ഥമൂലം ഈ വര്‍ഷവും നെല്‍കൃഷി ഇറക്കാന്‍ സാധിക്കാത്തതിനാല്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍.
ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്താല്‍ എട്ടുവര്‍ഷം മുമ്പ് അഞ്ചരകോടി രൂപ മുടക്കി നടപ്പാക്കിയ പ്രവൃത്തി അശാസ്ത്രീയമായി പണി തുടങ്ങിയതു കാരണം പാണ്ടിയില്‍ രണ്ടായിരത്തില്‍ പരം ഏക്കര്‍ സ്ഥലത്തും കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിലവില്‍ മൂന്നുമീറ്റര്‍ ഉണ്ടായിരുന്ന തോട് പദ്ധതി പ്രവൃത്തിപ്രകാരം 14 മീറ്ററിലധികം വീതി കൂടി തോട്ടിലുള്ള ചെളി തോടിന്റെ ഇരു വശങ്ങളിലും രണ്ട് മീറ്റര്‍ പൊക്കത്തില്‍ കൂട്ടിയിട്ടതിനാല്‍ പാടത്തുള്ള വെള്ളം ഒഴുകിപ്പോകാതെ കെട്ടി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല തോട് വീതി കൂട്ടിയതുകാരണം തോടിന്റെ ഇരുവശങ്ങളിലും നാമമാത്ര കൃഷി ഭൂമി ഉണ്ടായിരുന്ന പലര്‍ക്കും ഭൂമി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ കാല്‍ഭാഗം പോലും പൂര്‍ത്തീകരിക്കാതെ ഏകദേശം രണ്ടുകോടി രൂപയോളം കരാറുകാര്‍ക്ക് നല്‍കുകയും ചെയ്തു.
പ്രവൃത്തി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉദ്ഘാടന സമയത്ത് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി പ്രഖ്യാപിച്ചെങ്കിലും പ്രവൃത്തിയുടെ കാല്‍ഭാഗം പോലും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല തോട് വീതി കൂട്ടിയതു മൂലം ഏക്കര്‍കണക്കിന് ഭൂമി കര്‍ഷകര്‍ക്ക് നഷ്ടപ്പെടുകയും പാടശേഖരം പൂര്‍ണമായും തരിശ്ശായതുമാത്രമാണ് മിച്ചമെന്ന് കര്‍ഷകര്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പ്രവൃത്തി കര്‍ഷകരുടെ അഭിപ്രായം മാനിച്ച് നടത്തിയിരുന്നെങ്കില്‍ പ്രവൃത്തിയിനത്തില്‍ ചെലവഴിച്ച പണത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നുവെന്ന കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കാരയില്‍ നട മുതല്‍ പാറച്ചാലില്‍ താഴ, കുളരകടവ്, കരുവമ്പത്ത് താഴ, മഠത്തില്‍ താഴ, തണ്ണീര്‍ പന്തല്‍, ചക്കാലകുനി താഴ തുടങ്ങിയ ഭാഗങ്ങളിലെല്ലാം തന്നെ കൃഷിയിറക്കേണ്ട സമയമായിട്ടും ആഫ്രിക്കന്‍ പായല്‍, മുട്ടച്ചല്ലി, കൊളച്ചല്ലി എന്നിവ നിറഞ്ഞ് പാടശേഖരം തരിശായി കിടക്കുകയാണ്.
ഇവിടങ്ങളില്‍ ഒഴുക്കില്ലാത്തതിനാല്‍ ജലം മലിനമായി കൊതുകിന്റേയും ഇഴ ജന്തുക്കളുടേയും മറ്റു പ്രാണികളുടേയും ആവാസ കേന്ദ്രമായി ആവളപാണ്ടി മാറിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it