അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം

എന്‍ പി ചെക്കുട്ടി

1997ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കേരളത്തില്‍ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി വികേന്ദ്രീകൃത വികസനരംഗത്ത് ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ച വികസന പരീക്ഷണമായിരുന്നു. ആ പദ്ധതിയുടെ നേരെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും പൊതുവില്‍ കേരളീയ സമൂഹത്തില്‍ അത് ഉയര്‍ത്തിവിട്ട പ്രതീക്ഷകളും ആവേശവും ഏതു നിരീക്ഷകനും ഒറ്റനോട്ടത്തില്‍ തന്നെ കാണാവുന്നതായിരുന്നു. കേരളത്തിനു പുറത്ത് സാധാരണക്കാര്‍ക്കിടയിലും അക്കാദമിക പണ്ഡിതന്മാര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഒക്കെ ജനകീയാസൂത്രണ പദ്ധതി വലിയ താല്‍പര്യമുണര്‍ത്തുകയുണ്ടായി.
ആ അവസരത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് കേരളത്തിലെ ആസൂത്രണ ബോര്‍ഡുമായി സഹകരിച്ച് ജനകീയാസൂത്രണ പദ്ധതി സംബന്ധിച്ച് മലബാറിലെ പത്രമാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഒരു ശില്‍പശാല സംഘടിപ്പിക്കുകയുണ്ടായി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഭാരവാഹികള്‍ എന്നെയാണ് ശില്‍പശാലയുടെ ചുമതലകള്‍ നിര്‍വഹിക്കാനായി ഏല്‍പിച്ചിരുന്നത്. മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് അമ്പതോളം മാധ്യമപ്രവര്‍ത്തകര്‍ വളരെ താല്‍പര്യപൂര്‍വം പങ്കെടുത്ത ആ ശില്‍പശാല ഉദ്ഘാടനം ചെയ്തത് അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായ പാലോളി മുഹമ്മദ്കുട്ടിയായിരുന്നു. ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. ഐ എസ് ഗുലാത്തിയും ബോര്‍ഡിലെ അംഗങ്ങളായ ഡോ. തോമസ് ഐസകും അനിയേട്ടന്‍ എന്നു ഞങ്ങളൊക്കെ വിളിച്ചുവന്ന അന്തരിച്ചുപോയ ഇ എം ശ്രീധരനും ഡോ. ബി ഇഖ്ബാലും അതില്‍ സജീവമായി പങ്കെടുത്തു.
പദ്ധതിയുടെ കടുത്ത വിമര്‍ശകനായിരുന്ന കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവും കെപിസിസി അധ്യക്ഷനുമായിരുന്ന വയലാര്‍ രവിയും മുസ്‌ലിംലീഗ് നേതാവ് ഡോ. എം കെ മുനീറും അതില്‍ പങ്കാളികളായി. വാസ്തവത്തില്‍ പദ്ധതിപ്രവര്‍ത്തനങ്ങളുമായി നിസ്സഹകരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം ആദ്യമായി അതിന്റെ മുഖ്യപ്രവര്‍ത്തകരുമായി വേദി പങ്കിടാന്‍ തയ്യാറായത് ആ ശില്‍പശാലയിലാണ്. പക്ഷേ, അതിനു പിന്നില്‍ ഒരു കഥയുണ്ട്: വയലാര്‍ രവി പരിപാടിയില്‍ പങ്കെടുക്കാനായി കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയ ശേഷം ആരോ ചിലര്‍ ചേര്‍ന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് ഇതൊരു സിപിഎം പരിപാടിയാണെന്നും അതില്‍ പങ്കെടുക്കുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിത്തീരുമെന്നുമാണ്. പരിപാടിയുടെ ദിവസം രാവിലെ ഞാന്‍ അദ്ദേഹത്തെ കാണാനായി ഗസ്റ്റ്ഹൗസിലെ മുറിയിലെത്തിയപ്പോള്‍ ക്ഷുഭിതനായി നില്‍ക്കുന്ന വയലാര്‍ജിയെയാണ് കണ്ടത്. ഇടതുപക്ഷ പരിപാടിയാണെങ്കില്‍ തനിക്കതില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നു കടുത്ത ഭാഷയില്‍ വയലാര്‍ജി.
പ്രസ്‌ക്ലബ്ബിന്റെ അന്നത്തെ ഭാരവാഹികള്‍ ഇടതുപക്ഷക്കാരാണ്. പക്ഷേ, എല്ലാ നിലപാടുള്ള പത്രക്കാരും അതില്‍ സഹകരിക്കുന്നുണ്ട്. പൂര്‍ണമായും ജനാധിപത്യപരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്തു നിന്ന് വയലാര്‍ജി മാത്രമല്ല പങ്കെടുക്കുന്നത്. പദ്ധതിയുടെ കടുത്ത വിമര്‍ശകനായ ഡോ. എം ജി എസ് നാരായണനെപ്പോലുള്ളവരും അതില്‍ പങ്കെടുക്കുന്നുണ്ട്- ഞാന്‍ ചൂണ്ടിക്കാട്ടി.
ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത് കേരളത്തിലെ അധികാര വികേന്ദ്രീകരണമേഖലയിലും ഗ്രാമതല വികസനരംഗത്തും ഏറ്റവും ശക്തമായ മുന്നേറ്റങ്ങളെ ഇടതുപക്ഷ നീക്കമായാണ് കോണ്‍ഗ്രസ് നേതൃത്വം പോലും അക്കാലത്തു കണ്ടതെന്നു വിശദീകരിക്കാനാണ്. ഭരണഘടനാ ഭേദഗതി വഴി ത്രിതല പഞ്ചായത്ത് സമിതികള്‍ വ്യവസ്ഥാപിതമാക്കിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്താണെങ്കിലും കേരളത്തില്‍ പഞ്ചായത്തുതല വികസനമുന്നേറ്റങ്ങള്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്നു. ത്രിതല പഞ്ചായത്ത് സംവിധാനം 1990കളില്‍ ആവിഷ്‌കരിക്കപ്പെടുന്നതിനു മുമ്പ് 1987ലെ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചതും അതിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം ജില്ലകളിലും ഇടതുപക്ഷം വമ്പിച്ച വിജയം നേടിയതും അതിന് ഉദാഹരണമായിരുന്നു.
അന്നു ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ച് അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയെങ്കിലും ആ സമിതികളെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനു സഹായിക്കുന്ന നടപടികളൊന്നും അന്നത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായി ഉണ്ടായില്ല. വികസന ഫണ്ടുകള്‍ ജില്ലാതല സഭകള്‍ക്ക് കൈമാറുകയെന്നതായിരുന്നു പ്രധാനം. അധികാരവും ധനവും താഴോട്ടു കൈമാറുന്ന പ്രക്രിയ യഥാര്‍ഥത്തില്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നത് 1997ലെ നായനാര്‍ ഭരണകാലത്താണ്. ആ കാലത്ത് സംസ്ഥാന ബജറ്റിന്റെ വലിയൊരു പങ്കുതന്നെ വികേന്ദ്രീകൃത പഞ്ചായത്ത് സമിതികള്‍ക്ക് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുകയുണ്ടായി. അദ്ഭുതകരമായ മാറ്റമാണ് ഇതു കേരളത്തിലെങ്ങും ഉണ്ടാക്കിയത്.
മുന്‍കാലത്ത് ഒരു ഭരണകൂടവും വികസനം താഴേത്തട്ടില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയെന്ന ആലോചന പോലും നടത്തിയിരുന്നില്ല. എന്തിന്, ദീര്‍ഘകാലം യുഡിഎഫ് ഭരണത്തില്‍ പഞ്ചായത്ത് വകുപ്പുമന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹയുടെ കാലത്ത് കൃത്യമായി തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പോലും സര്‍ക്കാര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. 'അധികാരം ജനങ്ങളിലേക്ക്' എന്ന കാഴ്ചപ്പാട് അവര്‍ക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. കെ കരുണാകരന്‍ മുതലുള്ള മന്ത്രിമാരുടെ കേരളത്തിലെ റോഡുകളിലൂടെയുള്ള പരക്കംപാച്ചിലും ഗുരുവായൂര്‍ യാത്രയും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഭരണവും പാണക്കാട് സന്ദര്‍ശനവും ഒക്കെയായിരുന്നു യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്നു പറഞ്ഞാല്‍. അതില്‍ പ്രാദേശികതല പ്രവര്‍ത്തകര്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ പൊതുവില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്കോ ഒന്നും കാര്യമായ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഭരണം മുകളില്‍ നിന്നു കീഴോട്ട് അടിച്ചേല്‍പിക്കപ്പെടുന്ന ഒരു പ്രക്രിയ മാത്രമായിരുന്നു. പോലിസിന്റെ ലാത്തിയും പരിമിതമായ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചില കിഴികളും മാത്രമാണ് ഭരണത്തിന്റെ ഭാഗമായി സാധാരണ ജനങ്ങള്‍ക്ക് ലഭിച്ചത്. അധികാര പങ്കാളിത്തമെന്നത് അവരുടെ തലയില്‍ വരച്ചിരുന്ന കാര്യമായി പരിഗണിക്കപ്പെട്ടിരുന്നില്ല.
ജനകീയാസൂത്രണം വിജയിച്ചുവോ പരാജയപ്പെട്ടുവോ എന്ന കാര്യം ഇവിടെ ചര്‍ച്ചാവിഷയമാക്കുന്നില്ല. മറിച്ച് ആ പരീക്ഷണവും അതിന്റെ ഭാഗമായ സാമൂഹികമായ ഉണര്‍വും 90കളിലെ കേരള രാഷ്ട്രീയത്തെ എങ്ങനെയാണ് ശക്തമായ ഇടതുപക്ഷ അടിത്തറയിലേക്ക് ആനയിച്ചതെന്ന വിഷയമാണ് ഇവിടെ പ്രസക്തം. 'കൃഷിഭൂമി കൃഷിക്കാരന്' എന്ന മുദ്രാവാക്യം 40കളിലും 50കളിലും എങ്ങനെയാണോ കേരളീയ മനസ്സിനെ പിടിച്ചടക്കിയത്, ഏതാണ്ട് അതേ ശക്തിയോടെയാണ് 'അധികാരം ജനങ്ങളിലേക്ക്' എന്ന 90കളുടെ മുദ്രാവാക്യവും കേരളത്തെ ആവേശഭരിതമാക്കിയത്. കേരളത്തില്‍ ആ കാലത്ത് വന്‍ വിജയമായി മാറിയ സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയും മറ്റനേകം ജനകീയ പദ്ധതികളും അതിന്റെ വിജയത്തിനു നിദര്‍ശനമാണ്.
ഈ പുതിയ മുദ്രാവാക്യത്തിന്റെ വിപ്ലവകരമായ സാധ്യതകള്‍ കണ്ടറിഞ്ഞു രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയത് പക്ഷേ ഇടതുപക്ഷ കക്ഷികളേക്കാള്‍ മറുവശത്തുള്ള കൂട്ടരാണെന്നതു ചരിത്ര യാഥാര്‍ഥ്യം. 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലം മുതല്‍ രാഷ്ട്രീയമായ പ്രതിസന്ധിയില്‍ പെട്ടുഴലുകയായിരുന്ന ലീഗിന്, ജനകീയാസൂത്രണ പദ്ധതി ഗ്രാമതലങ്ങളില്‍ തങ്ങളുടെ പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുന്നതില്‍ വലിയ സഹായകമായി ഭവിച്ചു.
90കളില്‍ ഉയര്‍ന്നുവന്ന ഈ സാധ്യതയെ തകര്‍ത്തെറിഞ്ഞത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ ആഭ്യന്തര വൈരുധ്യങ്ങള്‍ തന്നെയാണെന്നു പറയേണ്ടിവരും. പാര്‍ട്ടിയില്‍ ഒരു വിഭാഗം, അധികാരം ആര്‍ക്കും കൈമാറുന്നതില്‍ താല്‍പര്യമുള്ളവരായിരുന്നില്ല. ജനകീയാസൂത്രണ പദ്ധതികളെ അട്ടിമറിക്കുന്ന തരത്തില്‍ പാര്‍ട്ടി നിയന്ത്രണം പല തട്ടില്‍, പല മട്ടില്‍ കൊണ്ടുവന്നതോടെ ആഭ്യന്തര ശൈഥില്യങ്ങള്‍ ഗ്രാമതലത്തില്‍ പോലും വളരെ പ്രകടമായിത്തീര്‍ന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഈ വൈരുധ്യവും അത് കേരളത്തിലെ രണ്ടു മുഖ്യ പാര്‍ട്ടികളിലുണ്ടാക്കിയ പ്രതികരണവും ചില പാഠങ്ങള്‍ നല്‍കേണ്ടതാണ്. മുസ്‌ലിംലീഗ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അതിനെ മുറിച്ചുകടക്കാനുമുള്ള ഫലപ്രദമായ ആയുധമായി ജനകീയാസൂത്രണ-വികേന്ദ്രീകൃത അധികാരപ്രക്രിയയെ മാറ്റി. അതേസമയം, സിപിഎം തങ്ങളുടെ ആഭ്യന്തര വൈരുധ്യങ്ങളെയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെയും ഈ ജനകീയ പ്രവര്‍ത്തന മേഖലയിലേക്കു സന്നിവേശിപ്പിച്ച് ആ മുന്നേറ്റത്തെ തകര്‍ത്തു തരിപ്പണമാക്കുക മാത്രമല്ല, അതുവഴി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുമ്പോട്ടുള്ള വളര്‍ച്ചയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കുകയും ചെയ്തു. ഇടതുപക്ഷ വാചാടോപം സ്വന്തമാക്കിയ ഒരുപറ്റം ആളുകളുടെ എതിര്‍പ്പിന്റെയും വിമര്‍ശനത്തിന്റെയും കുന്തമുന തിരിഞ്ഞത് വികേന്ദ്രീകൃത ആസൂത്രണപ്രക്രിയയുടെ നേരെയായിരുന്നു എന്നത് ചരിത്രത്തിലെ ഒരു യാഥാര്‍ഥ്യമാണ്. എങ്ങനെയാണ് കപട മുദ്രാവാക്യങ്ങള്‍ വഴി യഥാര്‍ഥ ജനകീയ രാഷ്ട്രീയമുന്നേറ്റങ്ങളെ തകര്‍ക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണവുമാണത്.
Next Story

RELATED STORIES

Share it