Second edit

അധികാരലഹരി

സിംബാബ്‌വെയില്‍ 37 വര്‍ഷമായി ഭരിച്ചുകൊണ്ടിരുന്ന റോബര്‍ട്ട് മുഗാബെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് അധികാരം ദുഷിപ്പിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. 70കളില്‍ ദക്ഷിണ റോഡേഷ്യ എന്നറിയപ്പെട്ടിരുന്ന സിംബാബ്‌വെയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നയിക്കുന്ന കാലത്ത് മുഗാബെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റായിരുന്നു. അധികാരമേറിയതോടെ ക്രമേണ സോഷ്യലിസ്റ്റുമായി. പിന്നെ മുഗാബെയിസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. സ്വന്തം ജന്മദിനം ഒഴിവുദിവസമായി പ്രഖ്യാപിച്ച മുന്‍ വിപ്ലവകാരി ഷോപ്പിങ് ലഹരി ബാധിച്ച പത്‌നി ഗ്രേസിനെ പിന്‍ഗാമിയാക്കാന്‍ ശ്രമിച്ചതാണ് സൈന്യത്തെ അട്ടിമറിക്കു പ്രേരിപ്പിച്ചത്. അധികാരം ദുഷിപ്പിക്കുന്നതിന്റെ മറ്റ് ഉദാഹരണങ്ങള്‍ ആഫ്രിക്കയില്‍ ഏറെയുണ്ട്. ഉഗാണ്ടയില്‍ ഇദി അമീനെയും പിന്‍ഗാമി ഒബോട്ടെയും പുറത്താക്കുന്നതിനു നേതൃത്വം നല്‍കിയ യൊവേരി മുസേവനി, ദാറുസ്സലാം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഇടതുപക്ഷ വിപ്ലവത്തിന് ഒട്ടും കുറവില്ലായിരുന്നു. 1986ല്‍ ഉഗാണ്ടയുടെ പ്രസിഡന്റായതോടെയാണ് ഭാവമാറ്റമുണ്ടാവുന്നത്. ഇനി അയാള്‍ മരിച്ചുവേണം സ്ഥാനമൊഴിയാന്‍. അല്ലെങ്കില്‍ മറ്റൊരു വിപ്ലവകാരി കലാപത്തിനു നേതൃത്വം കൊടുക്കണം. അധികാരം മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അത്രമാത്രം വിചിത്രമാണ്.
Next Story

RELATED STORIES

Share it