malappuram local

അധികാരത്തിലേറി ഒരുമണിക്കൂറിനകം ചെയര്‍പേഴ്‌സണ്‍ രാജിവച്ചു

കൊണ്ടോട്ടി: നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മതേതര വികസന മുന്നണിയുടെ സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മണിക്കൂറിനകം രാജിവച്ചു. സിപിഎം സ്വതന്ത്രയായ മതേതര വികസന മുന്നണിയുടെ പറമ്പീരി ഗീതയാണ് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റെടുത്തയുടന്‍ രാജിവച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മതേതരമുന്നണിയുടെ കെ ആയിഷാബി യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ അസ്മാബിയെ പരാജയപ്പെടുത്തി. എന്നാല്‍, ചെയര്‍മാന്‍ രാജിവച്ചതിനാല്‍ ആയിഷാബിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഡിസിസിയുടെ വിപ്പ് അവഗണിച്ച് ഒമ്പത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഇടതുമുന്നിയെയാണ് പിന്തുണച്ചത്. നഗരസഭയിലെ നാല്‍പതംഗ വാര്‍ഡില്‍ ഏഴ് സ്വതന്ത്രര്‍ ഉള്‍പ്പടെ 10 പേര്‍ വീതം ഇടതുമുന്നണി അംഗങ്ങളും കോണ്‍ഗ്രസ് അംഗങ്ങളുമാണ്. ഒരു മുസ്്‌ലിംലീഗ് വിമതനും ഉള്‍പ്പെടെ 21 അംഗങ്ങളാണ് മതേതര വികസന മുന്നണിക്കൊപ്പം ചേര്‍ന്ന് നഗരസഭ ഭരിക്കുന്നത്. മുസ്്‌ലിംലീഗിന് 18 അംഗങ്ങളും ഒരു എസ്ഡിപിഐ അംഗവുമുണ്ട്. കോണ്‍ഗ്രസ്-ഇടത് കൂട്ട്‌കെട്ടിലെ ധാരണപ്രകാരം രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ്സിനും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം സിപിഎമ്മിനുമാണ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം വച്ചുമാറാനുമായിരുന്നു തീരുമാനം. ഇതനുസരിച്ച് രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. മതേതര മുന്നണി വിട്ട് കോണ്‍ഗ്രസ് അംഗങ്ങളോട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാണ് കെപിസിസിയും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസ്സിലെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‍സരിച്ച കെ കെ അസ്മാബി ഒഴികെ മറ്റുള്ള ഒമ്പത് പേരും പഴയ നിലപാടില്‍ ഉറച്ചുനിന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണിയിലെ പറമ്പീരി ഗീതയും യുഡിഎഫിലെ കെ സി ഷീബയും തമ്മിലായിരുന്നു മല്‍സരം. ഗീതയ്ക്ക് 20 വോട്ടും കെ സി ഷീബയ്ക്ക് 19 വോട്ടും ലഭിച്ചു. മതേതര മുന്നണിയുടെ ഒരു വോട്ട് അസാധുവായി. വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെതടക്കം 21 വോട്ടുകള്‍ കെ ആയിഷാബിക്കും 19 വോട്ടുകള്‍ യുഡിഎഫിലെ കെ കെ അസ്മാബിക്കും ലഭിച്ചു. വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരു മുന്നണികള്‍ക്കും ഫലം അപ്രതീക്ഷിതമായി. ബാലറ്റ് പേപ്പറിന് പിന്നില്‍ ഒപ്പ് രേഖപ്പെടുത്താത്തതിനാല്‍ സിപിഎം സ്വതന്ത്രന്‍ മതേതര മുന്നണിയിലെ 37ാംവാര്‍ഡ് കൗണ്‍സിലര്‍ പുലാശ്ശേരി മുസ്തഫയുടെ വോട്ട് അസാധുവായി. എന്നാല്‍, മതേതര മുന്നണിക്ക് എസ്ഡിപിഐ അംഗത്തിന്റെ വോട്ടുലഭിച്ചതോടെ വിജയിക്കാനായി. പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പറമ്പീരി ഗീത 1.45 ഓടെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. എസ്ഡിപിഐമായി രാഷ്ട്രീയമായി വിയോജിപ്പുള്ളതിനാലാണ് രാജിയെന്ന് ഗീത പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് എസ്ഡിപിഐയുടേതടക്കം 21 വോട്ടു നേടി വിജയിക്കാനായി. എന്നാല്‍ സത്യപ്രതിജ്ഞ നടന്നില്ല. നഗരസഭാധ്യക്ഷന്റെ അഭാവത്തിലുള്ള ഉപാധ്യക്ഷയുടെ സത്യപ്രതിജ്ഞയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് അവ്യക്തത ഉടലെടുത്തതാണ് കാരണം. മുടങ്ങിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഒരുമാസത്തിനകം വീണ്ടും നടക്കും.
Next Story

RELATED STORIES

Share it