അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ലഘൂകരിക്കും: രാഹുല്‍

കല്‍ബുര്‍ഗി (കര്‍ണാടക): കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചരക്കു സേവന നികുതി (ജിഎസ്ടി) വ്യവസ്ഥകള്‍ ലഘൂകരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയുമായി ബന്ധപ്പെട്ട വലിയൊരളവ് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുമെന്നും കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ സംരഭകരുമായുള്ള ചര്‍ച്ചയ്ക്കിടെ രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ പ്രചാരണത്തിന്റെ ഭാഗമായി നാലുദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍. ജനജീവിതം എളുപ്പമാക്കുക എന്ന ആശയത്തിലധിഷ്ഠിതമായാവും ജിഎസ്ടിയെ കോണ്‍ഗ്രസ് സമീപിക്കുക. ഒറ്റ നികുതിയിലേക്ക് മാറ്റി അതിനെ ഉചിതമായ നിലയിലേക്കെത്തിക്കും. സാധാരണക്കാരും പാവപ്പെട്ടവരും ഉപയോഗിക്കുന്ന വലിയൊരളവ് ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍നിന്നൊഴിവാക്കും. നികുതി 18 ശതമാനമാക്കി നിജപ്പെടുത്തി മറ്റ് സ്ലാബുകള്‍ ഒഴിവാക്കുമെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it