അധികാരത്തിലെത്തിയാല്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ റദ്ദാക്കും: വൈക്കം വിശ്വന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭായോഗങ്ങളിലെടുത്ത ജനവിരുദ്ധ തീരുമാനങ്ങളെല്ലാം എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ റദ്ദാക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
കെപിസിസി പ്രസിഡന്റ് വി എം സുധീരന് പോലും പരസ്യമായി എതിര്‍ക്കേണ്ടി വന്ന തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ തീവെട്ടിക്കൊള്ള ജനങ്ങള്‍ അറിയാതിരിക്കാന്‍ വേണ്ടിയാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. അവസാനത്തെ മന്ത്രിസഭാ യോഗങ്ങളില്‍ എണ്ണൂറോളം തീരുമാനങ്ങളെടുത്തിട്ടുണ്ട്.
പരിസ്ഥിതിയെ പൂര്‍ണമായി തകര്‍ക്കുന്നതാണ് പല തീരുമാനങ്ങളും. ഈ അഴിമതിയും നിയമവിരുദ്ധ നടപടിയും പൊതുജനങ്ങള്‍ അറിയാതിരിക്കാനാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്നത്. മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി വിവരങ്ങള്‍ മൂടിവയ്ക്കാന്‍ വേണ്ടിയാണ് ഈ നടപടി.
സിബിഐക്കും ലോകായുക്ത പോലുള്ള ഏജന്‍സിക്കും രേഖകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാന്‍ പോവുന്നത്. കരുണ എസ്റ്റേറ്റ് വിഷയത്തിലും ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തീരുമാനം റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്ന വി എം സുധീരന്‍ പോലും ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it